Perinthalmanna Radio
Date: 25-05-2023
കരുവാരക്കുണ്ട്: ഏഴു മണിക്കൂറിലേറെ നീണ്ട ആശങ്കകൾക്ക് ഒടുവിൽ കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനിടെ മലയിൽ കുടുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തി. സൈലൻറ് വാലി ബഫർ സോണിൽ ഉൾപ്പെട്ട കൂമ്പൻ മലവാരം കാണാൻ പോയ രണ്ടു പേരാണ് ചേരിമല ഭാഗത്ത് കുടുങ്ങിയത്. മൂന്നംഗ സംഘമാണ് ട്രക്കിങ്ങിന് പോയത്. ഒരാൾ നേരത്തേ തന്നെ രക്ഷപ്പെട്ട് താഴെയെത്തി.
മാമ്പുഴ പൊടുവണ്ണി സ്വദേശികളായ പൊൻകളത്തിൽ യാസീൻ, ചക്കാലക്കുന്നൻ അൻസൽ എന്നിവരാണ് വനത്തിൽ കുടുങ്ങിയത്. സംഘത്തിൽ ഉണ്ടായിരുന്ന കല്ലിങ്ങൽ ഷംനാദാണ് താഴെയിറങ്ങിയത്. ഷംനാദ് നൽകിയ വിവരം അനുസരിച്ച് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നു നടത്തിയ രക്ഷാ പ്രവർത്തനത്തിന് ഒടുവിൽ രാത്രി ഏറെ വൈകിയാണ് ഇവരെ രക്ഷിക്കാനായത്.
ബുധനാഴ്ച ഉച്ച തിരിഞ്ഞാണ് മൂവരും മല കയറിയത്. മല കയറുന്നതിനിടെ കൂട്ടത്തിലൊരാൾക്ക് വീണു പരിക്കുപറ്റി. ഇയാൾക്കു നടക്കാൻ കഴിയാതായി. വനത്തിൽ അകപ്പെട്ട സംഘത്തിനു മൊബൈൽ ഫോൺ റേഞ്ച് കിട്ടാത്തതിനാൽ പുറം ലോകവുമായി ബന്ധപ്പെടാൻ സാധിച്ചില്ല. രക്ഷാ മാർഗം ഒരുക്കാനാണ് ഷംനാദ് താഴേക്കിറങ്ങിയത്. വഴിതെറ്റി താഴെ എത്താൻ വൈകി. ചേരിപ്പടി ഭാഗത്തേക്കു പുറപ്പെട്ട ഷംനാദ് കൽക്കുണ്ട് ഭാഗത്താണ് എത്തിപ്പെട്ടത്. നാട്ടുകാർ വിവരം അറിഞ്ഞപ്പോഴേക്കും രാത്രിയായതിനാൽ രക്ഷാ പ്രവർത്തനത്തിന് കഴിഞ്ഞില്ല. രാത്രി എട്ടോടെ അഗ്നി രക്ഷാസേനയും പോലീസും എത്തി. ഷംനാദിനെയും വന മേഖലയെ കുറിച്ച് അറിയുന്നവരെയും കൂട്ടിയാണ് രക്ഷാസംഘം കാട്ടിലേക്ക് പോയത്. രാത്രി പത്തേമുക്കാലോടെ കണ്ണമ്പള്ളി മലവാരത്തിലെ പാറക്കെട്ടുകൾക്കു സമീപമാണ് ഇവരെ കണ്ടെത്തിയത്. കാലിനു പരിക്ക് പറ്റിയയാളെ ഉൾപ്പെടെ കുടുങ്ങിയ ഇരുവരെയും താഴത്തേക്കിറക്കി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ