കരുവാരക്കുണ്ട്: മലയോരത്ത് ആശങ്കയുണർത്തി വീണ്ടും അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് കരുവാരക്കുണ്ട് മലയോരത്തെ പുഴകളിൽ ശക്തമായ കുത്തൊഴുക്ക് ഉണ്ടായത്. കാട്ടുചോലകളും പുഴകളും വളരെവേഗത്തിൽ നിറഞ്ഞ് വീടുകളിലെ കൃഷിയിടങ്ങളിലൂടേയും റോഡിലൂടേയും ഒഴുകി. മാമ്പറ്റ പാലത്തിൽ വെള്ളം ഉയർന്നൊഴുകി.
വൃഷ്ടിപ്രദേശമായ സൈലന്റ് വാലി വനമേഖലയിലുണ്ടായ മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണം. അടയ്ക്കാക്കുണ്ട്, കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ്, കമ്പിപ്പാലം തുടങ്ങിയ ഭാഗങ്ങളിലെ ചെറുതും വലുതുമായ പുഴകളും തോടുകളുമെല്ലാം നിറഞ്ഞൊഴുകി. ഒലിപ്പുഴയിൽ ക്രമാതീതമായ ജലനിരപ്പാണുണ്ടായത്.
നാട്ടിൽ മഴ തുടങ്ങും മുമ്പു തന്നെ പുഴകളിലും ചോലകളിലും മലവെള്ളപ്പാച്ചിലുണ്ടായി. തരിശ്, കുണ്ടോട ഭാഗങ്ങളിൽ വീടുകളിലും വെള്ളം കയറി. നിരവധി കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. ഗ്രാമീണമേഖലയിൽ കാര്യമായ മഴ ഉണ്ടായില്ല.