Perinthalmanna Radio
Date: 22-06-2023
പെരിന്തൽമണ്ണ: ലൈഫ് പദ്ധതിയിൽ വീട് കിട്ടാത്തതിന്റെ നിരാശയിലാണ് 47കാരനായ മുജീബ് റഹ്മാൻ കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിന് തീയിട്ടത്. ഏതു നിമിഷവും തകർന്നു വീണേക്കാവുന്ന ഒരു വീട്ടിലാണ് മുജീബും കുടുംബവും താമസിക്കുന്നത്. വർഷങ്ങളായി മുജീബ് ഒരു വീടിന് വേണ്ടി ഓഫീസുകൾ കയറി ഇറങ്ങുന്നു.
50 പേർക്കാണ് ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചത്. എന്നാൽ പഞ്ചായത്തിന്റെ പട്ടികയിൽ മുജീബ് 94ാമതായിരുന്നു. വീട് കിട്ടില്ലെന്ന് ഉറപ്പായതോടെ മുജീബ് ആകെ നിരാശയിലായിരുന്നു. ഇടത് കാൽ മുറിച്ചു മാറ്റിയ ഉമ്മ സൈനബയുടേയും ഏക ആശ്രയമാണ് മുജീബ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ തകർന്നു വീഴാറായ ഇദ്ദേഹത്തിന്റെ വീടിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്.
ഈ പഞ്ചായത്തിൽ ഇതിലും പരിതാപകരമായ വീട് ഉണ്ടാകുമോ എന്നാണ് നാട്ടുകാരും ചോദിക്കുന്നത്. മഴ പെയ്ത് ചോരാതിരിക്കാൻ കുട കൊണ്ട് മറച്ചിരിക്കുന്ന അവസ്ഥയാണ്. പെട്ടി ഓട്ടോറിക്ഷയിൽ പച്ചക്കറി വിൽപ്പന നടത്തിയാണ് ഉപജീവനം കണ്ടെത്തുന്നതെന്നും വീടിന്റെ സ്ഥിതി ഏറെ ശോചനീയം ആണെന്നും നാട്ടുകാർ പറയുന്നു. എപ്പോഴാണ് ഒരു വീട് കിട്ടുക എന്നാണ് മുജീബിന്റെ ഉമ്മയും ചോദിക്കുന്നത്.
എത്രകാലായി എന്റെ കുട്ടി ഒരു വീടിന് വേണ്ടി നടക്കുന്നു. 10-12 കൊല്ലമായി അപേക്ഷ കൊടുക്കുന്നത്. പത്ത് കൊല്ലം മുമ്പ് പാസായിരുന്നു, പക്ഷേ കൊടുത്തില്ല. എന്റെ കുട്ടിക്ക് ഒരു വീട് ഉണ്ടായിക്കാണാൻ പൂതിയുണ്ട്. മഴ പെയ്താൽ എഴുന്നേറ്റിരിക്കേണ്ട അവസ്ഥയാണ്. മുജിബിന്റെ ഉമ്മ പറയുന്നു. ചെയ്യുന്നതു തെറ്റാണോ, ശരിയാണോ എന്നറിയില്ല എന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പാവപ്പെട്ട ഒരുപാട് കുടുംബങ്ങൾ തന്നെപ്പോലെ വിഷമം അനുഭവിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷമായിരുന്നു മുജീബ് ഓഫീസ് കത്തിക്കാൻ പോയത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കമ്പ്യൂട്ടറുകൾ, ഓഫീസ് രേഖകൾ, ലാപ്‌ടോപ്പുകൾ, പ്രിന്ററുകൾ, ഫോണുകൾ അടക്കം നിരവധി സാമഗ്രികൾ കത്തിനശിച്ചിരുന്നു. സാഹചര്യം ഏറെ മോശമാണെന്നും ലൈഫ് പദ്ധതിപ്രകാരം വീട് ലഭിക്കാത്തതാണ് ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും മുജീബ് റഹ്മാൻ പോലീസിനോടു പറഞ്ഞു. ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമുണ്ട്.
ഉദ്യോഗസ്ഥർ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് മുജീബ് എത്തിയത്. വളരെ കുറച്ചുപേർ മാത്രമേ ഓഫീസിൽ ഉണ്ടായിരുന്നുള്ളു. കയ്യിൽ കരുതിയ കാനിലെ പെട്രോൾ ഒഴിച്ചാണ് തീയിട്ടത്. തീയിട്ടതിന് ശേഷം ശുചിമുറിയിൽ കയറി വലതു കൈത്തണ്ട കത്തികൊണ്ടു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. സംഭവ സ്ഥലത്ത് എത്തിയ മേലാറ്റൂർ സി ഐ കെ ആർ രഞ്ജിതാണ് ശുചിമുറിയിൽ നിന്ന് ഇദ്ദേഹത്തെ പിടികൂടിയത്.
തുടർന്ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോവുകയും ചെയ്തു. മുജീബ് റഹ്മാനെതിരേ പൊതുമുതൽ നശിപ്പിച്ചതിനും തീയിട്ടതിനും വധശ്രമത്തിനുമായമ് മേലാറ്റൂർ പോലീസ് കേസ് എടുത്തിരിക്കുന്നത് . പെരിന്തൽമണ്ണയിൽ നിന്നും അഗ്‌നി ശമനസേന എത്തിയാണ് തീയണച്ചത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ