Perinthalmanna Radio
Date: 10-07-2023
കീഴാറ്റൂർ : ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കീഴാറ്റൂർ പഞ്ചായത്ത് ഓഫിസിന് തീയിട്ട ആനപ്പാംകുഴിയിലെ ചുള്ളിയിൽ മുജീബ് റഹ്‌മാന്(45) ജനകീയ കൂട്ടായ്‌മയിൽ വീടൊരുങ്ങുന്നു. ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വീട് നിർമിക്കുന്നത്. പ്ലാസ്‌റ്റിക് ഷീറ്റിട്ട് മൂടിയ കൂരയിലാണ് കുടുംബം താമസിക്കുന്നത്.
മുജീബ് റഹ്‌മാന്റെ പേരിലുള്ള മൂന്നര സെന്റ് സ്ഥലത്ത് 10 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമിക്കുക. സൊസൈറ്റി ചെയർമാൻ മുസ്‌തഫ പട്ടാമ്പി, പ്രവർത്തകരായ മനാഫ് തൃശൂർ, നൗഷാദ്, അബ്‌ദുൽ നാസർ മഞ്ചേരി, ജോസഫ് എബ്രഹാം എന്നിവർ വീട്ടിലെത്തി വിവരം നേരിട്ട് അറിയിക്കുകയായിരുന്നു. ആദ്യഗഡു സഹായം ബന്ധപ്പെട്ടവർക്ക് കൈമാറി.
കീഴാറ്റൂർ പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ച 50 പേരിൽ മുജീബ് റഹ്‌മാൻ ഉൾപ്പെട്ടിരുന്നില്ല. ഇതിൽ ക്ഷുഭിതനായ അദ്ദേഹം കഴിഞ്ഞ 21ന് ഉച്ചയ്‌ക്ക് പഞ്ചായത്ത് ഓഫിസിലെത്തി കയ്യിൽ കരുതിയ പെട്രോൾ കംപ്യൂട്ടറുകൾ, ഫയലുകൾ, മേശ, കസേര, അലമാര എന്നിവയിൽ ഒഴിച്ച് തീവയ്‌ക്കുകയായിരുന്നു. ജീവനക്കാർ ഉച്ചയ്‌ക്ക് ഭക്ഷണത്തിന് പോയ സമയത്തായിരുന്നു സംഭവം. റഹ്‌മാൻ ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്.
പഞ്ചായത്ത് ഓഫിസിന് തീയിട്ടതുമായി ബന്ധപ്പെട്ട് മൊത്തം 25 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നതായിട്ടാണ് പൊലീസ് റിപ്പോർട്ട്. പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ചാലും 25 ലക്ഷം രൂപ കെട്ടി വച്ചാൽ മാത്രമേ മുജീബ് റഹ്‌മാന് പുറത്തിറങ്ങാൻ സാധിക്കൂ.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ