
Perinthalmanna Radio
Date: 22-02-2023
അയൽ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ലോറികൾ നിയമം ലംഘിച്ച് കേരളത്തിൽ ചരക്കു നീക്കം നടത്തുന്നത് കൂടുന്നു. നികുതി നിരക്കിലെ വലിയ വ്യത്യാസമാണ് തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഓടാൻ ഉടമകളെ പ്രേരിപ്പിക്കുന്നത്. ഓൾ ഇന്ത്യ പെർമിറ്റുള്ള ചരക്ക് ലോറികൾക്ക് രണ്ടു സംസ്ഥാനങ്ങൾ കടന്നുള്ള ചരക്ക് നീക്കത്തിനാണ് അനുമതി. സംസ്ഥാനത്തിന് ഉള്ളിൽ ഒരിടത്തുനിന്ന് ചരക്കെടുത്ത് അതേ സംസ്ഥാനത്തെ മറ്റൊരിടത്ത് ഇറക്കാൻ അനുമതിയില്ല. എന്നാൽ, അന്യ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഓൾ ഇന്ത്യ പെർമിറ്റുള്ള നിരവധി ലോറികൾ കേരളത്തിന് അകത്ത് ഓടുന്നുണ്ട്. കേരളത്തിൽ ഒരു വർഷം നികുതി ഇനത്തിൽ തന്നെ 1,04,000 രൂപയും ഓൾ ഇന്ത്യ പെർമിറ്റിന് 16,500 രൂപയും പെർമിറ്റിന് 25,000 രൂപയും അടക്കം 1,45,500 രൂപയാണ് ഒരു ചരക്ക് ലോറിക്ക് ചെലവ് വരിക. കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നികുതിയിനത്തിൽ മാത്രം 80,000-ത്തോളം രൂപ കുറവുണ്ട്. കേരളത്തിൽ 26,000 രൂപയാണ് മൂന്നുമാസം കൂടുമ്പോഴുള്ള നികുതിയെങ്കിൽ കർണാടകയിൽ ഇത് 7,000 രൂപ മാത്രമാണ്. ഈ വ്യത്യാസം മൂലം കർണാടകയിലും മറ്റും ലോറി രജിസ്റ്റർ ചെയ്യുകയാണ്. നികുതി കുറവായതിനാൽ കുറഞ്ഞ നിരക്കിൽ ഓടാനും ഇത്തരം ലോറികൾ തയ്യാറാകുന്നുണ്ട്. കർണാടകയിലും തമിഴ്നാട്ടിലും പോയി ട്രക്കുകൾ വാങ്ങി അവിടെ രജിസ്ട്രേഷനും നടത്തി കേരളത്തിൽ കൊണ്ടു വന്ന് ഓടിക്കുന്നതായാണ് പരാതി. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന കൂട്ടണമെന്നാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ള ലോറിയുടമകളുടെ ആവശ്യം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
