
Perinthalmanna Radio
Date: 23-03-2023
മാസമാദ്യം കൃത്യസമയത്തു റേഷൻ സാധനങ്ങൾ വിതരണത്തിന് എത്തിക്കാത്തതും ഇ പോസ് സെർവർ തകരാറും റേഷൻ വിതരണത്തെ ബാധിക്കുന്നു. ഈ മാസം ഇതുവരെ പകുതി കാർഡ് ഉടമകൾക്കു മാത്രമാണു റേഷൻ കിട്ടിയത്. വിതരണം പകുതിയായി കുറഞ്ഞതോടെ മിക്ക റേഷൻ വ്യാപാരികളുടെയും 8500 രൂപയുടെ സപ്പോർട്ടിങ് പേയ്മെന്റും മുടങ്ങി. റേഷൻ വ്യാപാരികൾക്കു കട വാടക, വൈദ്യുതി ചെലവ്, തൊഴിലാളിക്കു കൂലി തുടങ്ങിയവയ്ക്കുള്ള തുകയാണു സപ്പോർട്ടിങ് പേയ്മെന്റ്. ഭക്ഷ്യധാന്യം വിൽക്കുമ്പോൾ ക്വിന്റലിന് 220 രൂപ വീതം കമ്മിഷനും ലഭിക്കും.
45 ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ പ്രതിമാസം വിൽക്കുന്ന റേഷൻ വ്യാപാരിക്ക് 8500 രൂപ സപ്പോർട്ടിങ് പേയ്മെന്റും ക്വിന്റലിനു 220 രൂപ വീതം കമ്മിഷനും എന്നു കണക്കാക്കിയാണ് 18,000 രൂപ അടിസ്ഥാന വേതനം നൽകുന്നത്. റേഷൻ വിതരണം അവതാളത്തിലായി വരുമാനം 10,000 രൂപയിൽ താഴെയായി പല റേഷൻകടകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. അതിനിടെയാണു സപ്പോർട്ടിങ് പേയ്മെന്റും കുറയുന്നത്. റേഷൻ കടയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ആകെ കാർഡുകളുടെ 70 ശതമാനത്തിനു മുകളിൽ റേഷൻ വാങ്ങിയെങ്കിൽ മാത്രമേ മുഴുവൻ സപ്പോർട്ടിങ് പേയ്മെന്റും ലഭിക്കൂ. 60 ശതമാനത്തിനു താഴെയാണു വിൽപനയെങ്കിൽ 5,100 രൂപയായി ഇതു കുറയും.
കാർഡിന് അനുവദിച്ചിട്ടുള്ള ഏതെങ്കിലും ഒരു ഇനം കടയിൽ ഇല്ലെങ്കിൽകൂടി ഇ പോസ് വഴി ഇടപാട് നടത്താനാകുന്നില്ല. ഈ പ്രശ്നം ഒഴിവാക്കാൻ കോംബിനേഷൻ ബില്ലിങ് അനുവദിക്കണമെന്നു റേഷൻ വ്യാപാരികൾ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്.
മാർച്ച് മാസം കഴിയാൻ ഒരാഴ്ചയാണു ബാക്കിയുള്ളതെങ്കിലും റേഷൻ വ്യാപാരികൾക്കു ഫെബ്രുവരിയിലെ വേതനം ഇനിയും ലഭിച്ചില്ല. ഓരോ മാസവും 25–30 കോടി രൂപയാണു വേതനം നൽകാനായി വേണ്ടത്. 13,389 റേഷൻ കടകളാണു സംസ്ഥാനത്താകെ പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരമുള്ള അരി വിതരണം ഡിസംബറോടെ നിർത്തിയതിനാൽ അതിൽ നിന്നു ലഭിച്ചിരുന്ന കമ്മിഷനും ഇപ്പോൾ ലഭിക്കുന്നില്ല. ജനുവരിയിലെ വേതനം ഫെബ്രുവരി അവസാനമാണു നൽകിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
