വിതരണം ഏറെയും പച്ചരിയായതോടെ  റേഷൻ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു

Share to

Perinthalmanna Radio
Date: 30-12-2022

വിതരണം ഏറെയും പച്ചരിയായതോടെ റേഷൻ വാങ്ങുന്നവരുടെ എണ്ണം സംസ്ഥാനത്ത് കുത്തനെ കുറഞ്ഞു. ചോറിനുള്ള അരിക്കാണ് ഏറെപ്പേരും റേഷൻകടകളെ ആശ്രയിക്കുന്നത്. എന്നാൽ, കിട്ടുന്നത് പച്ചരിയായതോടെ പലരും റേഷൻ വാങ്ങുന്നില്ല. വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ച് 92.38 ലക്ഷം കാർഡുടമകളിൽ 59.32 ലക്ഷം പേരാണ് റേഷൻ വാങ്ങിയത്. 64 ശതമാനം മാത്രമാണിത്. ഇനിയും 33 ലക്ഷത്തോളം കാർഡുടമകൾ വാങ്ങാനുണ്ട്. ഡിസംബറിലെ വിതരണം തീരാൻ രണ്ടുദിവസം മാത്രമേയുള്ളൂ. കഴിഞ്ഞമാസം 78.5 ലക്ഷം കുടുംബങ്ങളാണ് റേഷൻ വാങ്ങിയത്. സെർവർ തകരാറും റേഷൻവിതരണത്തെ ബാധിക്കുന്നുണ്ട്. എന്നാൽ, പുഴുക്കലരി കുറയുന്നതാണ് ആളുകൾ മുഖംതിരിക്കാൻ കാരണമെന്നാണു ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തൽ.

റേഷൻകടകളിൽ പുഴുക്കലരി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിൽ സമ്മർദം ശക്തമാക്കാൻ സംസ്ഥാനം. ഇതിനായി എല്ലാ എം.പി. മാരുടെയും പി ന്തുണ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ തേടിയിട്ടുണ്ട്. പ്രതിസന്ധി നേരിടാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാൻ ഭക്ഷ്യമന്ത്രി വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കാണും.

റേഷൻ വിതരണത്തിനായി ഏതാനും മാസങ്ങളായി പച്ചരിയാണ് കേന്ദ്രത്തിൽനിന്നു കിട്ടുന്നത്. ഡിസംബറോടെ ഇത് 80-90 ശതമാനം വരെയായി. മാർച്ചുവരെയുള്ള വിതരണത്തിന് എഫ്.സി.ഐ. ഗോഡൗണുകളിൽ സംഭരിച്ചതിലേറെയും പച്ചരിയാണ്. വിഷയം പലതവണ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണു സംസ്ഥാനം മറ്റുവഴികൾ തേടുന്നത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *