
Perinthalmanna Radio
Date: 22-11-2022
ദേശീയ-സംസ്ഥാന പാതകളിലെ സ്ഥിരം അപകട മേഖലകളായ 323 ഇടനാഴികൾ അപകടവിമുക്തമാക്കാൻ നടപടി തുടങ്ങി. വാഹനാപകടങ്ങൾക്ക് ഇടയാക്കുന്ന റോഡിലെ ന്യൂനത കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി റോഡ് സുരക്ഷാ ഓഡിറ്റ് നടത്തും.
ഇതേക്കുറിച്ച് കളക്ടർമാർക്ക് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി നിർദേശം നൽകി. വാഹനാപകടങ്ങൾ ആവർത്തിക്കുന്ന ബ്ലാക് സ്പോട്ടുകൾ ഉൾപ്പെട്ട രണ്ടുമുതൽ പത്തുകിലോമീറ്റർവരെ നീളമുള്ള പ്രദേശങ്ങളാണ് ഇടനാഴികളായി തിരിച്ചത്. ഇവയിൽ പരിശോധന നടത്തി അപകടകാരണം കണ്ടെത്തി പരിഹരിക്കും.
ഒരു വർഷത്തിനിടെ നടന്ന അപകടങ്ങൾ കണക്കിലെടുത്താണ് അപകട മേഖലകൾ നിശ്ചയിച്ചത്. നിലവിലെ റോഡുകളിൽ കൂടി പരിശോധന വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. റോഡ് നിർമാണത്തിനും അറ്റകുറ്റപ്പണിക്കും ശേഷമുണ്ടായിട്ടുള്ള പലവിധമാറ്റങ്ങൾ വാഹനാപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
ഉദാഹരണത്തിന് റോഡ് രൂപകല്പന ചെയ്യുന്ന സമയത്തെ അപ്രധാനമായ കവല പിന്നീട് വ്യാപാര മേഖലയായി മാറിയിട്ടുണ്ടാകും. ഗതാഗതം തീരേ കുറഞ്ഞ ചെറിയ റോഡുകൾ തിരക്കേറിയിട്ടുണ്ടാകും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബൈപ്പാസുകളുടെ ഇരുവശവും പെട്ടെന്ന് വാണിജ്യ സ്ഥാപനങ്ങൾ നിറയുന്ന അവസ്ഥയുണ്ട്. ചില മേഖലകളിൽ സിഗ്നൽ ലൈറ്റുകൾ വേണ്ടി വരും. ഡ്രൈവർമാരുടെ കാഴ്ചമറയ്ക്കുന്നവിധം മരങ്ങളും പരസ്യങ്ങളും ഇടംപിടിച്ചിട്ടുണ്ടാകാം.
പുതിയ വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ, ആശുപത്രികൾ, തിയേറ്ററുകൾ തുടങ്ങി വിവിധ തരത്തിലെ സ്ഥാപനങ്ങൾ റോഡുകൾക്ക് ഇരു വശവും തുടങ്ങിയിട്ടുണ്ടാകും. ഇതിന് അനുസൃതമായ സിഗ്നലുകളും സൂചനാ ബോർഡുകളും നേരത്തേ രൂപകല്പന ചെയ്ത റോഡിൽ ഉണ്ടാകില്ല. നിലവിലുള്ളവ കാലപ്പഴക്കത്തിൽ നശിച്ചിട്ടുണ്ടാകും. ഇത്തരം പോരായ്മകൾ കണ്ടെത്തി പരിഹരിക്കാനാണ് നീക്കം.
റോഡുകൾ ശാസ്ത്രീയമായി പുനഃക്രമീകരണത്തിലൂടെ മിക്ക ബ്ലാക് സ്പോട്ടുകളും മാറ്റിയെടുക്കാനാകും. അടുത്തവർഷത്തോടെ പത്തുശതമാനം അപകടങ്ങളെങ്കിലും കുറയ്ക്കുകയാണ് ലക്ഷ്യം. സിഗ്നൽ ലൈറ്റുകൾ, ബോർഡുകൾ, സുരക്ഷാവേലികൾ എന്നിവ സ്ഥാപിക്കുന്നതിന് റോഡ് സുരക്ഷാ ഫണ്ടിൽനിന്ന് തുക അനുവദിക്കും.
റവന്യൂ, മോട്ടോർവാഹനവകുപ്പ്, പോലീസ്, പൊതുമരാമത്ത്, ദേശീയപാതാ ഉദ്യോഗസ്ഥരാണ് പ്രാദേശികപരിശോധനാ സമിതിയിലെ അംഗങ്ങൾ. താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ ഉപസമിതികളും ഉണ്ടാകും.
