കേരള പാഠ്യപദ്ധതി പരിഷ്കരണം; പെരിന്തൽമണ്ണ നഗരസഭ ജനകീയ ചർച്ച നടത്തി

Share to

Perinthalmanna Radio
Date: 20-11-2022

പെരിന്തൽമണ്ണ: സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭ ജനകീയ ചര്‍ച്ച നഗരസഭ ചെയർമാൻ പി.ഷാജി കൗൺസിൽ ഹാളിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ നസീറ ടീച്ചർ അധ്യക്ഷത വഹിച്ചു. AEO സ്രാജുദ്ധീൻ സ്വാഗതവും നഗരസഭ സെക്രട്ടറി
മിത്രൻ. ജി നന്ദിയും പറഞ്ഞു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. കെ. ശ്രീധരൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി.
ചർച്ചയിൽ ജന പ്രതിനിധികൾ, സ്കൂൾ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ രീതിയില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് ഇത്തരത്തിൽ ജനകീയ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ കേന്ദ്ര ബിന്ദുവായ കുട്ടികളും ഈ പരിപാടിയുടെ ഭാഗമാകും. പാഠ്യപദ്ധതി രൂപീകരണപ്രക്രിയയുടെ ഭാഗമായി ഇത്തരമൊരു ജനകീയ ചർച്ച ഇന്ത്യയിൽ ആദ്യാനുഭവമാണ്.

ഒരുകൂട്ടം വിദഗ്ധർ മാത്രം തയ്യാറാക്കുന്ന രീതിയിൽ നിന്നു വ്യത്യസ്തമായി പാഠ്യ പദ്ധതിയെ കുറിച്ച് നിർദേശങ്ങൾ മുന്നോട്ടു വയ്‌ക്കാൻ ജനങ്ങൾക്ക്‌ ഒന്നടങ്കം കേരളത്തിൽ അവസരം ഒരുക്കിയിരിക്കുകയാണ്. സ്കൂളുകൾ കേന്ദ്രീകരിച്ചു നടക്കുന്ന ചർച്ചകൾക്കു പുറമെ തദ്ദേശ തലങ്ങളിലും ചർച്ചകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പെരിന്തൽമണ്ണ നഗരസഭ ജനകീയ ചർച്ച സംഘടിപ്പിച്ചത്. ഇവയിൽ നിന്ന് ഉരുത്തിരിയുന്ന നിർദേശങ്ങൾ ജില്ല, സംസ്ഥാന തലങ്ങളിൽ ക്രോഡീകരിച്ച് കരിക്കുലം ചട്ടക്കൂട് തയ്യാറാക്കുന്ന പ്രക്രിയയുമായി സംയോജിപ്പിക്കും. ഇതര ഭാഷാ പഠനം, കലാകായിക വിദ്യാഭ്യാസം, സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തനം, ഉച്ച ഭക്ഷണം, ആരോഗ്യ സുരക്ഷ തുടങ്ങിയവയും വിഷയമാകണം. രക്ഷാകർതൃ വിദ്യാഭ്യാസത്തിന്റെ നിലവിലുള്ള പരിമിതികളും പുതിയ നിർദേശങ്ങളും ചർച്ചകളിൽനിന്ന്‌ ഉരുത്തിരിയണം. സ്കൂളുകളിൽ പ്രവർത്തിക്കുന്ന വിവിധ സമിതികളും അവയുടെ ചുമതലകളും ജനകീയ ചർച്ചകളുടെ പരിഗണനാ വിഷയമായി മാറേണ്ടതുണ്ട്. ഇവയിൽ കുട്ടികളുടെ പങ്കാളിത്തം എത്രമാത്രമാകാമെന്നും അവരുടെ അവകാശസംരക്ഷണം എങ്ങനെ ഉറപ്പു വരുത്താമെന്നും ചിന്തിക്കണം. ഭിന്നശേഷിക്കാർ, പാർശ്വവൽക്കൃത ജനവിഭാഗങ്ങൾ, ഭാഷാന്യൂനപക്ഷങ്ങൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ തുടങ്ങിയ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും ചർച്ചകളിൽ പ്രധാന ഇടം ലഭിക്കണം.

Share to

Leave a Reply

Your email address will not be published. Required fields are marked *