Perinthalmanna Radio
Date: 07-03-2023
മലപ്പുറം: കോവിഡ് കാലം കടന്നുള്ള മുഴുവൻ സമയ അധ്യയന വർഷം കഴിയാൻ ആഴ്‌ചകൾ മാത്രം. കടുത്ത ചൂടിനൊപ്പം സ്‌കൂളുകളിൽ പരീക്ഷാച്ചൂടും. എസ്‌എസ്‌എൽസി മാതൃകാ പരീക്ഷ കഴിഞ്ഞു. പത്താംതരം കടക്കാൻ ജില്ലയിൽ 78,369 വിദ്യാർഥികളുണ്ട്. പ്ലസ് ടുവിന് 80,779 പേരും. എസ്‌എസ്‌എൽസി പരീക്ഷ വ്യാഴാഴ്‌ചയും ഹയർ സെക്കൻഡറി വെള്ളിയാഴ്‌ചയും തുടങ്ങും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത് മലപ്പുറത്താണ്. നാല് വിദ്യാഭ്യാസ ജില്ലകളിലായി 38,247 പെൺകുട്ടികളും 40,122 ആൺകുട്ടികളും. എടരിക്കോട് പികെഎംഎം എച്ച്എസിലാണ് കൂടുതൽ പേർ–- 1876. 29വരെയാണ് പരീക്ഷ. രാവിലെ 9.30ന് തുടങ്ങും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്നതും മലപ്പുറം ജില്ലയിലാണ്. പ്ലസ് ടുവിന് 80,779 പേരും പ്ലസ് വണ്ണിന് 78,824 പേരും പരീക്ഷയെഴുതുന്നു.
പാദ– അർധവാർഷിക പരീക്ഷകളും മാതൃകാ പരീക്ഷകളും കഴിഞ്ഞാണ് വിദ്യാർഥികൾ പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്നത്. പരീക്ഷാമാതൃക, സമയക്രമീകരണം എന്നിവ വിദ്യാർഥികൾക്ക് പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മാതൃകാ പരീക്ഷകൾ.
വിദ്യാർഥികളുടെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കാൻ ഹെൽപ് ഡെസ്‌ക് സജ്ജമാക്കും. വിദ്യാർഥികൾക്ക് അക്കാദമിക് – മാനസിക പിന്തുണ നൽകുകയാണ് ലക്ഷ്യം. മാനസികാരോഗ്യ വകുപ്പും ശിശുവികസന വകുപ്പും സഹകരിച്ചാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തനം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ