
Perinthalmanna Radio
Date: 31-10-2022
പെരിന്തൽമണ്ണ: ഇറക്കവും വളവുകളും വശങ്ങളിൽ താഴ്ചയുമുള്ള റോഡാണ് കൊടി കുത്തിമലയിലേത്. മലയുടെ ബേസ് സ്റ്റേഷൻ വരെയാണ് വാഹന യാത്ര അനുവദിക്കാറുള്ളത്. തിരിച്ചിറങ്ങുമ്പോളാണ് കൂടുതലും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. പരിചയക്കുറവും അമിതവേഗതയും വാഹനത്തിന്റെ ക്ഷമതയുമെല്ലാം കാരണങ്ങളാണ്. ഇന്നലെ യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം ബേസ് സ്റ്റേഷന് ഏറെ താഴെയാണ്. അധികം വീതിയില്ലാത്ത റോഡിൽ ഇറക്കവുമാണ്. ഇറക്കം ഇറങ്ങിയെത്തുന്നത് ചെറിയൊരു വളവിലേക്കാണ്. ഈ വളവിന് താഴേക്കാണ് സ്കൂട്ടർ വീണത്.
തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ ഉയർന്ന് പൊങ്ങി തൊട്ടടുത്ത ചെറുറോഡും കടന്ന് മറിയുകയായിരുന്നു. ആദ്യം ചാടിയ സ്ഥലത്ത് സ്കൂട്ടറിന്റെ ഭാഗങ്ങൾ വീണ് കിടക്കുന്നുണ്ട്. മുൻവശം തകർന്നിട്ടുണ്ട്. ഇവിടെ സുരക്ഷാവേലിയോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ല. അപകട മേഖലയായ കൊടികുത്തിമല റോഡിൽ 2018 നവംബറിലുണ്ടായ അപകടത്തിൽ രണ്ടു പേർ മരണപ്പെട്ടിരുന്നു. തേലക്കാട് സ്വദേശികളാണ് മരിച്ചത്.
ഞായറാഴ്ച അപകടമുണ്ടായ ഇടത്തും മുൻപും വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിനോദ സഞ്ചാരകേന്ദ്രമായ കൊടികുത്തി മലയിലേക്കുള്ള റോഡുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
