കൊടികുത്തി മലയിൽ മാലിന്യം തള്ളിയവർ നിർബന്ധിത സാമൂഹിക സേവനം തുടങ്ങി

Share to

Perinthalmanna Radio
Date: 04-03-2023

പെരിന്തൽമണ്ണ: പ്രകൃതിസൗഹൃദ വിനോദ സഞ്ചാര കേന്ദ്രമായ കൊടികുത്തിമലയുടെ പരിസരത്ത് മാലിന്യം ലോറിയിൽ കൊണ്ടു വന്ന് തള്ളിയവർക്ക് കോടതി വിധിച്ച നിർബന്ധിത സാമൂഹിക സേവനം തുടങ്ങി.

പെരിന്തൽമണ്ണ നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിലാണ് പ്രതികൾ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.

ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്ലാന്റിലെത്തിയ പ്രതികൾ ശനിയാഴ്ച സേവനം പൂർത്തിയാക്കും. പുലാമന്തോൾ ഗ്രാമ ന്യായാലയ കോടതി ന്യായാധിപനും പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റുമായ ടി.കെ. യഹിയയാണ് കേസിൽ പ്രതികളെ മൂന്നു ദിവസത്തെ നിർബന്ധിത സാമൂഹിക സേവനത്തിനും മൂന്നു മാസത്തെ നല്ലനടപ്പിനും ശിക്ഷിച്ചത്.

കോടതി ഉത്തരവ് അനുസരിച്ചാണ് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തെ കുറിച്ച് ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി ഇവരെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ തന്നെ സേവനത്തിന് ഏർപ്പെടുത്തിയത്. നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നിർദേശപ്രകാരം പ്രധാനമായും ജൈവമാലിന്യങ്ങൾ വളം ആയി മാറ്റുന്ന പണിയിലാണ് ഇവരെ നിയോഗിച്ചത്. കൂടാതെ പ്ലാന്റിൽ അജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കൽ, പ്ലാന്റിന്റെ പരിസരങ്ങൾ വൃത്തിയാക്കൽ തുടങ്ങിയ പണികളും ചെയ്യിച്ചതായി നഗരസഭാ അധികൃതർ അറിയിച്ചു.

2022 ജൂലായ് 15-നാണ് കേസിന് ആസ്പദമായ സംഭവം. കോഴിക്കോടു നിന്ന് രണ്ട് ടോറസ് ലോറികളിൽ മാലിന്യം കൊടികുത്തിമലയുടെ പരിസരത്ത് വ്യക്തിയുടെ സ്ഥലത്ത് തള്ളാനെത്തിയത് നാട്ടുകാർ തടയുകയായിരുന്നു. മുൻപും ഇവിടെ മാലിന്യം തള്ളിയത് ഇതോടെയാണ് ശ്രദ്ധയിൽപ്പെട്ടത്. പുഴക്കാട്ടിരി, അമ്മിനിക്കാട് സ്വദേശികളായ ആറുപേർക്കെതിരേ പെരിന്തൽമണ്ണ പോലീസ് എടുത്ത കേസിലാണ് വിധി. പ്രായം, സാമൂഹിക പശ്ചാത്തലം, സാമ്പത്തികാവസ്ഥ, തെറ്റ് ചെയ്യാനുണ്ടായ സാഹചര്യം തുടങ്ങിയവ പരിഗണിച്ചാണ് ശിക്ഷ വിധിച്ചത്. 
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *