വർക്ക്‌ഷോപ്പുകൾ ക്രമീകരിച്ചിട്ടും അഞ്ചിലൊരു ബസ് കട്ടപ്പുറത്ത്

Share to

Perinthalmanna Radio
Date: 03-04-2023

മാസം പത്തു കോടിയുടെ സ്പെയർ പാർട്‌സുകൾ വാങ്ങി, വർക്ക്‌ഷോപ്പുകൾ ക്രമീകരിച്ചിട്ടും കെ.എസ്.ആർ.ടി.സി.യുടെ അഞ്ചിലൊന്ന് ബസുകളും കട്ടപ്പുറത്ത്. 5422 ബസുകൾ ഉപയോഗിക്കാൻ കഴിയുമെങ്കിലും 4243 എണ്ണം മാത്രമാണ് നിരത്തിൽ ഇറക്കുന്നതെന്ന് മാർച്ചിൽ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ കെ.എസ്.ആർ.ടി.സി. പറയുന്നു.

പുതിയ ബസുകളില്ലെന്ന് പരാതിപ്പെടുമ്പോഴാണ് കൈവശമുള്ള ബസുകൾ ഓടിക്കാതെ ഇട്ടിരിക്കുന്നത്. ബസുകൾക്ക് പഴക്കമുണ്ടെങ്കിലും കൃത്യമായി പരിപാലിച്ചാൽ വഴിയിലാകാതെ ഓടിക്കാനാകും. എന്നാൽ പരിചരണത്തിലെ വീഴ്ചയും അറ്റകുറ്റപ്പണി തീർത്ത് ഇറക്കുന്നതിലെ കാലതാമസവും കാരണം കട്ടപ്പുറത്തുള്ള ബസുകളുടെ എണ്ണം കുറയ്ക്കാൻ കഴിയുന്നില്ല. ഹൈക്കോടതിയിലെ കേസിൽ കഴിഞ്ഞദിവസം സർക്കാർ നൽകിയ സത്യവാങ്മൂലത്തിലും മെക്കാനിക്കൽവിഭാഗത്തിന്റെ വീഴ്ച പരാമർശിക്കുന്നുണ്ട്.

ശനിയാഴ്ചത്തെ കണക്കുകൾ പരിശോധിച്ചാൽ 1161 ബസുകൾ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാണ്. വർക്ക്‌ഷോപ്പിന് പുറമെ ഓപ്പറേഷൻ, പർച്ചേസ്, സിവിൽ, കംപ്യൂട്ടർ വിഭാഗങ്ങളുടെയെല്ലാം തലപ്പത്ത് മെക്കാനിക്കൽ പരിജ്ഞാനമുള്ള ഉന്നത ഉദ്യോഗസ്ഥരുണ്ടെങ്കിലും അറ്റകുറ്റപ്പണിയുടെ വേഗം കൂടിയിട്ടില്ല.

സ്പെയർപാർട്‌സ് വാങ്ങുന്നതിനും വിതരണത്തിന് കേന്ദ്രീകൃത സംവിധാനമില്ല. സ്വന്തമായി വർക്ക്‌ഷോപ്പും ജീവനക്കാരുമുള്ള സ്ഥാപനത്തിന് ഇതിനെക്കാൾ വേഗത്തിൽ ബസുകൾ നിരത്തിലിറക്കാൻ കഴിയേണ്ടതാണെന്ന് ഖന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. അവശ്യഘടകങ്ങൾ മുൻകൂട്ടി വാങ്ങിച്ച് സൂക്ഷിക്കുന്നതിലും വീഴ്ചയുണ്ട്. മറ്റു സംസ്ഥാനങ്ങളുടെ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ എൻജിൻ, ഗിയർബോക്സ്, റേഡിയേറ്റർ, എന്നിവ വാങ്ങി സൂക്ഷിക്കുകയും കേടാകുന്ന വാഹനങ്ങളിൽ ഇവ ഘടിപ്പിച്ച് വേഗത്തിൽ നിരത്തിലിറക്കുകയും ചെയ്യുന്നുണ്ട്.

ഒരുദിവസം 1000-1100 ബസാണ് കെ.എസ്.ആർ.ടി.സി. വർക്‌ഷോപ്പിൽ ഉണ്ടാകുക. ഒരു ബസിൽനിന്നുള്ള ശരാശരി പ്രതിദിനവരുമാനം 15,000 രൂപയാണ്. കട്ടപ്പുറത്തുള്ള ബസുകളുടെ എണ്ണം കുറച്ചാൽ മാസം കുറഞ്ഞത് 40 കോടി യെങ്കിലും അധികവരുമാനം നേടാനാകും.

പ്രൊഫ. സുശീൽഖന്ന റിപ്പോർട്ട് പ്രകാരം വാഹന ഉപഭോഗം 95 ശതമാനത്തിനുമേൽ ഉയർത്തേണ്ടതുണ്ട്. 300 ബസുകളിൽ കൂടുതൽ കട്ടപ്പുറത്തുണ്ടാകാൻ പാടില്ല. ഇതിനുള്ള ശ്രമം വിജയിച്ചിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി.യും സമ്മതിക്കുന്നുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *