
Perinthalmanna Radio
Date: 23-04-2023
മലപ്പുറം: ടിക്കറ്റ് നിരക്കിൽ സ്വകാര്യ ബസുകളേക്കാൾ 30 ശതമാനം കുറവ് വരുത്തിയിട്ടും ടേക്ക് ഓവർ സർവീസുകൾ കെ.എസ്.ആർ.ടി.സിക്ക് ഉണർവേകുന്നില്ല. സ്വകാര്യ ബസുകളുടെ സൂപ്പർ ക്ലാസ് പെർമിറ്റ് തീരുന്ന മുറയ്ക്ക് ഏറ്റെടുക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ജില്ലയിൽ ഏഴ് സർവീസുകളാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്.
മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ ഡിപ്പോകളിൽ നിന്നായി ഈമാസം 13നാണ് ടേക്ക് ഓവർ സർവീസ് ആരംഭിച്ചത്. മലപ്പുറത്ത് നിന്ന് രാവിലെ 5.40നും 6.05നും തൃശൂരിലേക്കും 6.52ന് കോഴിക്കോട്ടേക്കും ടേക്ക് ഓവർ സർവീസുണ്ട്. പെരിന്തൽമണ്ണയിൽ നിന്ന് രാവിലെ 5.30ന് താമരശ്ശേരിയിലേക്കും 6.45ന് കോഴിക്കോട്ടേക്കുമാണ് സർവീസ്. നിലമ്പൂരിൽ നിന്ന് രാവിലെ 5.30ന് തൃശൂരിലേക്കും 6.55ന് തിരുനെല്ലിയിലേക്കും സർവീസുണ്ട്. ഇവയെല്ലാം ഫാസ്റ്റ് പാസഞ്ചറാണ്. യാത്രക്കാർ കൂടുതലുള്ള സമയങ്ങളിലാണ് ടേക്ക് ഓവർ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
സ്വകാര്യ ബസുകളിൽ നിന്ന് ഏറ്റെടുത്ത റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറും സൂപ്പർഫാസ്റ്റും നിരത്തിലിറക്കിയപ്പോൾ സ്വകാര്യ ബസുകൾ ഓർഡിനറി പെർമിറ്റ് നേടി ലിമിറ്റഡ് സ്റ്റോപ്പാക്കി കൂടുതൽ കളക്‌ഷൻ നേടി. ഈ പ്രതിസന്ധി മറികടക്കാനും യാത്രക്കാരെ കൂടുതൽ ആകർഷിക്കാനുമാണ് ടിക്കറ്റ് നിരക്ക് കെ.എസ്.ആർ.ടി.സി കുറച്ചത്. ടേക്ക് ഓവർ സർവീസുകളിലെ നിരക്ക് കുറവ് സംബന്ധിച്ച് യാത്രക്കാർക്കിടയിലെ ധാരണക്കുറവാണ് കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയാവുന്നത്. ടേക്ക് ഓവർ ബസുകളുടെ സർവീസ് സമയത്തും യാത്രക്കാർ കൂടുതലായും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്.
ടിക്കറ്റ് നിരക്ക് കുറച്ചതിനാൽ ഈ റൂട്ടിലോടുന്ന മറ്റ് കെ.എസ്.ആർ.ടി.സി ബസുകളേക്കാൾ കുറഞ്ഞ കളക്‌ഷനാണ് ടേക്ക് ഓവർ സർവീസുകൾക്ക് ലഭിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസുകളുടെ പുറത്ത് നിരക്ക് ഇളവുമായി ബന്ധപ്പെട്ട് പോസ്റ്ററുകളും പരസ്യങ്ങളും പതിപ്പിച്ചിട്ടുണ്ട്. പുതുതായി ആരംഭിച്ച ടേക്ക് ഓവർ ബസുകൾ ഒറ്റട്രിപ്പിൽ 140 കിലോ മീറ്ററോളം ദൂരം സഞ്ചരിക്കുന്നുണ്ട്. ടിക്കറ്റ് നിരക്ക് ഇളവിലൂടെ ദീർഘദൂര യാത്രക്കാരെ കെ.എസ്.ആർ.ടി.സിയിലേക്ക് അടുപ്പിക്കാൻ കഴിയുമെന്നായിരുന്നു കണക്കുകൂട്ടൽ. വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാരെത്തുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
