
Perinthalmanna Radio
Date: 25-12-2022
മലപ്പുറം: അവധിക്കാലത്ത് മറുനാട്ടിൽ നിന്ന് ജില്ലയിലെത്താൻ യാത്രക്കാർ പ്രയാസപ്പെടുമ്പോഴും അധിക സർവീസുകളൊന്നും അയയ്ക്കാതെ ജില്ലയിലെ കെഎസ്ആർടിസി യൂണിറ്റുകൾ. ബസുകളുടെ ക്ഷാമമാണ് കാരണം പറയുന്നത്. അതേസമയം ദീർഘദൂര ബസുകളിൽ ഇന്നലെ കാലുകുത്താനിടമില്ലാത്ത വിധമായിരുന്നു യാത്ര. ഇന്നലെ രാവിലെ മൈസൂരുവിലേക്ക് പോയ പൊന്നാനി, പെരിന്തൽമണ്ണ യൂണിറ്റുകളുടെ സൂപ്പർ ഫാസ്റ്റ് ബസുകളടക്കം 4 മണിക്കൂറിലേറെ താമരശ്ശേരി ചുരത്തിൽ കുടുങ്ങിയതിനാൽ മടക്കയാത്രയും ഏറെ വൈകി. ഇതുവഴിയുള്ള ബസുകളെല്ലാം വൈകിയത് ജില്ലയിൽ നിന്നുള്ള യാത്രക്കാരെയും ഏറെ വലച്ചു.ജില്ലയിൽ നിന്ന് കഴിഞ്ഞ ദിവസം പാലായിലേക്ക് അയച്ച അധിക സർവീസുകൾ വിദ്യാർഥികൾക്ക് ആശ്വാസമായി. താൽക്കാലികമായി നിർത്തിവച്ച ചില സർവീസുകൾ ഓടിയതൊഴിച്ചാൽ ക്രിസ്മസ് തിരക്ക് നേരിടാൻ പ്രത്യേക സജ്ജീകരണങ്ങളൊന്നുമുണ്ടായില്ല.
താൽക്കാലിക ജീവനക്കാരെ വീണ്ടും നിയോഗിച്ചത് കെഎസ്ആർടിസിക്ക് അവധിക്കാലത്ത് ‘താൽക്കാലികാശ്വാസമായി’. പഴയ എംപാനൽ പട്ടിക, കാലാവധി കഴിഞ്ഞ പിഎസ്‌സി പട്ടിക എന്നിവയിൽ നിന്നാണ് 7 വീതം കണ്ടക്ടർമാരെയും ഡ്രൈവർമാരെയും ജില്ലയിലെ ഓരോ യൂണിറ്റുകളിലേക്കും നിയോഗിച്ചത്. ശബരിമല സ്പെഷൽ സർവീസിനായി നിയോഗിച്ച ജീവനക്കാർക്കു പകരമായും സർവീസ് നടത്താൻ താൽക്കാലിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.നിലമ്പൂർ യൂണിറ്റിനു കീഴിൽ എരുമമുണ്ടയിൽ നിന്ന് അരീക്കോട് വഴി കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് ഇന്നലെ താൽക്കാലിക ജീവനക്കാരെ നിയോഗിച്ച് പുനരാരംഭിച്ചു. കോവിഡിനു മുൻപ് നിർത്തിവച്ച സർവീസാണിത്.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
