
Perinthalmanna Radio
Date: 23-11-2022
പെരിന്തൽമണ്ണ: പാലക്കാട് -കോഴിക്കോട് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി. ബസിനെ പോകാൻ അനുവദിക്കാതെ തടസ്സം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരേ പരാതിയുമായി യാത്രക്കാർ. ചൊവ്വാഴ്ച രാവിലെ 9.25-ന് പെരിന്തൽമണ്ണയിൽ നിന്നാണ് സംഭവത്തിനു തുടക്കം. സിവിൽ സ്റ്റേഷനിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന യാത്രക്കാരും കെ.എസ്.ആർ.ടി.സി.യിൽ ഉണ്ടായിരുന്നു.
പെരിന്തൽമണ്ണയിൽ നിന്ന് പുറപ്പെട്ട കൊട്ടക്കുഴിയിൽ എന്ന പേരിലുള്ള സ്വകാര്യ ബസ് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് പരാതി. കാതടപ്പിക്കുന്ന നിരോധിത ഹോൺ മുഴക്കിയും അമിത വേഗത്തിൽ മറികടന്നും മാർഗതടസ്സം സൃഷ്ടിച്ചെന്ന് പരാതിക്കാർ പറഞ്ഞു.
പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ ബസുകൾ ആളെ കയറ്റാനായി നിർത്തിയിരുന്നു. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്ന് പുറത്തിറങ്ങുന്ന അതേ സമയം സ്വകാര്യ ബസ് മാർഗതടസ്സം സൃഷ്ടിച്ചു മുന്നോട്ടെടുത്തു. പിന്നീട് വഴിനീളെ തടസ്സം സൃഷ്ടിച്ചായിരുന്നു സ്വകാര്യ ബസിന്റെ ഓട്ടം. ബസ് ബേകളിൽ നിർത്താതെ നടുറോഡിൽ നിർത്തിയായിരുന്നു ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്നത്. പിറകെ വരുന്ന കെ.എസ്.ആർ.ടി.സി.യിൽ കയറാൻ നിൽക്കുന്നവരെക്കൂടി തങ്ങളുടെ ബസിലേക്ക് ആകർഷിക്കാനായിരുന്നു ഈ തന്ത്രം. വീതിയില്ലാത്ത സ്ഥലങ്ങളിൽ വേഗം കുറച്ചു മറികടക്കാൻ സമ്മതിക്കാതെ നിരത്തിനുമധ്യേ ഓടിച്ചായിരുന്നു യാത്ര തടസ്സപ്പെടുത്തിയത്.
ഐ.ആർ. പ്രസാദ് (അസി. എഡിറ്റർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്), വി. അബ്ദുൾ ഹമീദ് (അസി. ഡയറക്ടർ, സോയിൽ സർവേ), എം. വിഷ്ണു (ഓവർസിയർ, പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കൽ വിങ്) എന്നിവരാണ് ആർ.ടി.ഒ. സി.വി.എം. ഷരീഫിനു പരാതി നൽകിയത്. സ്വകാര്യ ബസുകളുടെ ഈ ചെയ്തികൾമൂലം ജീവനക്കാർ ഓഫീസിലെത്താൻ വൈകാറുണ്ടെന്ന് പരാതിക്കാർ പറഞ്ഞു.
മലപ്പുറത്തെ് എത്തിയപ്പോഴേക്കും കെ.എസ്.ആർ.ടി.സി. കണ്ടക്ടർ മലപ്പുറം പോലീസിൽ പരാതി നൽകിയിരുന്നു. നിയമ ലംഘനം മൊബൈലിൽ ഷൂട്ട് ചെയ്തായിരുന്നു പരാതി അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മലപ്പുറം കുന്നുമ്മൽ ബസ് തടഞ്ഞു. ഉദ്യോഗസ്ഥനോട് കയർക്കുകയാണ് ഡ്രൈവറും കണ്ടക്ടറും ചെയ്തത്. ഇതു കണ്ട യാത്രക്കാർ നിയമ ലംഘനത്തെ ചോദ്യം ചെയ്തു. യാത്രക്കാർക്ക് നേരെ കൈയേറ്റം ചെയ്യാനെന്ന മട്ടിൽ ഡ്രൈവർ ഓടിയടുക്കുകയും അസഭ്യം പറയുകയുംചെയ്തു.
വിഷയത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ആർ.ടി.ഒ. പരാതിക്കാരോട് പറഞ്ഞു. സ്വകാര്യ ബസ് ജീവനക്കാരോട് ഉടനെ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മലപ്പുറം പോലീസ് അറിയിച്ചു.
