
Perinthalmanna Radio
Date: 12-06-2023
പെരിന്തൽമണ്ണ: ഒരു മാസത്തിനിടെ പെരിന്തൽമണ്ണ താമരശ്ശേരി റൂട്ടിൽ കെഎസ്ആർടിസി പിൻവലിച്ചത് ഇരു ദിശകളിലേക്കുമുള്ള 3 വീതം ദീർഘദൂര സർവീസുകൾ, ഗുരുവായൂരിൽ നിന്ന് പെരിന്തൽമണ്ണ വഴി ഇരിട്ടിയിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് 7ന് പിൻവലിച്ചത്. തൃശൂരിൽ നിന്നു പെരിന്തൽമണ്ണ വഴി കാസർകോട്ടേക്കും കൽപറ്റയിലേക്കും തിരിച്ചും ഉള്ള സർവീസുകൾ കഴിഞ്ഞ മാസം ആരംഭിച്ച് രണ്ടാഴ്ചയ്ക്കിടെ പിൻവലിച്ചിരുന്നു.
പെരിന്തൽമണ്ണയിൽ രാവിലെ 7.25ന് ആയിരുന്നു ഗുരുവായൂർ – ഇരിട്ടി ബസ് എത്തിയിരുന്നത്. തിരിച്ചുള്ള സർവീസ് രാത്രി 9.35ന് ആണ് പെരിന്തൽമണ്ണ കടന്നിരുന്നത്. ജില്ലയിലെ മഞ്ചേരി, അരീക്കോട്, കോഴിക്കോട് ജില്ലയിലെ മുക്കം എന്നിവിടങ്ങളിലെ യാത്രക്കാർക്കാണ് ഇത് ആശ്വാസമായിരുന്നത്.
അതേ സമയം നിലവിൽ തൃശൂരിൽ പുലർച്ചെ 3 മണി കഴിഞ്ഞ് എത്തിയാൽ ഈ റൂട്ടിൽ നേരിട്ടൊരു ബസ് കിട്ടണമെങ്കിൽ 8 മണിക്കൂറിലധികം കാത്തിരിക്കേണ്ട സ്ഥിതിയാണ്. തിരുവനന്തപുരം- മാനന്തവാടി സൂപ്പർ ഡീലക്സ് പുലർച്ചെ 3ന് തൃശൂർ ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ടാൽ പിന്നെ രാവിലെ 11.20നുള്ള തൃശൂർ-കൽപറ്റ ഫാസ്റ്റ് പാസഞ്ചറാണ് അടുത്ത ബസ്. ഇതു തന്നെ താമരശ്ശേരിയിൽ നിന്നുള്ള ബസിന്റെ മടക്ക സർവീസുമാണ്. ഈ 2 ബസുകൾക്കും ഇടയിൽ ആശ്വാസമായി രാവിലെ 6.30നും 7.15നുമായി തൃശൂരിൽ നിന്ന് പുറപ്പെട്ടിരുന്ന 2 ദീർഘദൂര സർവീസുകളാണ് കഴിഞ്ഞ മാസം തുടങ്ങിയതിനു പിന്നാലെ നിർത്തിയത്
നിലവിൽ ഈ റൂട്ടിലിറങ്ങേണ്ടവർ പുലർച്ചെ 3 കഴിഞ്ഞാണ് തൃശൂരിൽ എത്തുന്നതെങ്കിൽ ബസുകൾ മാറിക്കയറി വേണം വീടണയാൻ. ഗുരുവായൂരിൽ നിന്നും ഈ സമയത്ത് ഉ ണ്ടായിരുന്ന 3 ബസുകളിൽ ഒന്നായ ഇരിട്ടി ബസ് കൂടി നിർത്തിയത് ഇരട്ട പ്രതിസന്ധിയാക്കി. അതേ സമയം പെരിന്തൽമണ്ണയിൽ എത്തിയാലും രാവിലെ 8.40 കഴിഞ്ഞാൽ പിന്നെ റൂട്ടിൽ ഏറെ കഴിഞ്ഞാണ് ദീർഘ ദൂര സർവീസ്.
തൃശൂരിൽ നിന്നുള്ള കാസർകോട്, കൽപറ്റ സർവീസുകൾ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് യു.എ.ലത്തീഫ് എംഎൽഎ കെഎസ്ആർടിസി അധികൃതർക്ക് കത്തു നൽകുകയും ജില്ലാ വികസന സമിതിയിൽ ഉന്നയിക്കുകയും ചെയ്തിരുന്നെങ്കിലും നടപടി ആയില്ല. പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച സർവീസുകൾ യാത്രക്കാർ അറിഞ്ഞു തുടങ്ങുമ്പോഴേക്കും നിർത്തിയതിന് എതിരെ യാത്രക്കാരുടെ കൂട്ടായ്മകളും പ്രതിഷേധം അറിയിച്ചിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
