Perinthalmanna Radio
Date: 19-12-2022
ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക ലക്ഷ്യമിട്ട് ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി കെ.എസ്.ആർ.ടി.സി വിപുലീകരിക്കുന്നു. വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസം ഒരുക്കാൻ മൂന്നാർ, സുൽത്താൻ ബത്തേരി മാതൃകയിൽ കൂടുതൽ കേന്ദ്രങ്ങളിൽ എ.സി സ്ലീപ്പർ ബസുകളും എ.സി ഡോർമിറ്ററികളും സജ്ജമാക്കും. കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കുന്ന സ്വകാര്യ ഹോട്ടൽ സംരംഭകരുമായി സഹകരിച്ച് ‘കെ.എസ്.ആർ.ടി.സി ബജറ്റ് സ്റ്റേ’ പേരിലുള്ള പദ്ധതിയും ഉടൻ നടപ്പാക്കും.
പ്രതിദിനം വിവിധ കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ 10,000 പേർക്ക് താമസസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഗുണമേന്മയുള്ള ഭക്ഷണം യാത്രക്കാർക്ക് ഉറപ്പുവരുത്താൻ കെ.എസ്.ആർ.ടി.സി റിഫ്രഷ് എന്ന റസ്റ്റാറന്റ് ശ്രംഖലയും ഒരുക്കാൻ പദ്ധതിയുണ്ട്. ഇതിനകം ജനപ്രിയമായ ബജറ്റ് ടൂറിസം ട്രിപ്പുകൾ വഴി കോർപറേഷന് ലക്ഷങ്ങൾ അധികവരുമാനം ലഭിക്കുണ്ട്. 2021 നവംബർ ഒന്നിന് പദ്ധതി ആരംഭിച്ചത് മുതൽ ഒരു വർഷത്തിനകം ടൂറിസം ട്രിപ്പുകൾ പ്രയോജനപ്പെടുത്തിയത് രണ്ടു ലക്ഷത്തിലധികം സഞ്ചാരികളാണ്.
പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരം സാധ്യമാക്കുക ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് കീഴിൽ വിവിധ സർക്കാർ വകുപ്പുകളുമായും ഏജൻസികളുമായും ബന്ധപ്പെട്ടാണ് കൂടുതൽ ടൂർ പാക്കേജുകൾ കെ.എസ്.ആർ.ടി.സി നടത്തുന്നത്. ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത് മൂന്നാർ വിനോദയാത്രക്കാണ്. വിവിധ ജില്ലകളിലെ 25 ഡിപ്പോകളിൽനിന്ന് മൂന്നാറിലേക്ക് ടൂർ പാക്കേജുകളുണ്ട്.
വനംവകുപ്പ് സഹകരണത്തോടെ ദിവസേന മൂന്ന് ബസുകൾ ഗവിയിലേക്ക് ജംഗിൾ സഫാരി ട്രിപ്പുകൾ നടത്തുന്നു. വയനാട് കേന്ദ്രീകരിച്ച് സൈറ്റ് സീയിങ് യാത്രക്കളും ഈയിടെ ആരംഭിച്ചു. പുതിയ സംരംഭകർക്ക് കഞ്ചിക്കോട് വ്യവസായ മേഖല സന്ദർശനത്തിന് അവസരമൊരുക്കുന്ന ട്രിപ്പുകൾ പാലക്കാട്ട് ആസൂത്രണം ചെയ്തിട്ടുണ്ട്.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ