Perinthalmanna Radio
Date: 13-12-2022
ബസുകളിലെ പരസ്യ നിരോധനത്തിനെതിരെ കെഎസ്ആർടിസി സുപ്രിംകോടതിയിൽ. ഹൈക്കോടതി ഉത്തരവിനെതിരെയാണ് കെഎസ്ആർടിസി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഉത്തരവ് വൻ വരുമാനനഷ്ടം ഉണ്ടാക്കുന്നതായി കെഎസ്ആർടിസി കോടതിയെ അറിയിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ പരസ്യം നൽകാൻ അനുവദിക്കണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. വലിയ നഷ്ടമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെ പരസ്യം കൂടി നിർത്തലാക്കിയാൽ കൂടുതൽ പ്രതിസന്ധിയുണ്ടാകുമെന്ന് കെഎസ്ആർടിസി സുപ്രിംകോടതിയിൽ നൽകിയ അപ്പീലിൽ വ്യക്തമാക്കി.
കോവിഡ് കാലത്തിന് ശേഷം കെഎസ്ആർടിസിയുടെ പ്രധാന വരുമാന മാർഗമായിരുന്നു പരസ്യങ്ങൾ. കളർകോഡ് ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ പരസ്യങ്ങൾ നൽകാനാകുമെന്നും കെഎസ്ആർടിസി അപ്പീലിൽ പറയുന്നു.
വടക്കാഞ്ചേരി ബസ് അപകടത്തിന് ശേഷമാണ് കെഎസ്ആർടിസിയിൽ പരസ്യങ്ങൾ വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. ഏകീകൃത കളര്‍ കോഡ് പാലിക്കാത്ത വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.