
Perinthalmanna Radio
Date: 03-07-2023
പെരിന്തല്‍മണ്ണ: കിടപ്പാടമില്ലാത്ത 14 കുടുംബങ്ങള്‍ക്ക് ചെങ്കുത്തായ മലമടക്കില്‍ ഭൂമിയും വീടും നല്‍കിയതില്‍ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത് അന്വേഷണത്തോട് ഒപ്പം പരിഹാരവും.
വീഴ്ചകള്‍ അന്വേഷിക്കുന്നതോടൊപ്പം അനിവാര്യമായി വേണ്ടത് വീടുകള്‍ക്ക് സംരക്ഷണ ഭിത്തി നിര്‍മാണമാണ്.
വിജിലൻസ് അന്വേഷണത്തോടെ പരിഹാരവും ഇവര്‍ പ്രതീക്ഷിക്കുന്നു. കുടുംബങ്ങള്‍ പലവട്ടം ഇക്കാര്യം ഉയര്‍ത്തി പഞ്ചായത്ത് ഭരണസമിതിയെ സമീപിച്ചതാണ്. മഴക്കാലത്ത് മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലുമടക്കം ഭീതിയിലാണ് ഇവിടെയുള്ളവര്‍. ഭവന നിര്‍മാണത്തിന് വേണ്ടത്ര സകര്യമില്ലാത്ത ഭൂമിയാണ് കുടുംബങ്ങള്‍ക്ക് ലഭിച്ചത്.
വീടുകള്‍ പൂര്‍ത്തിയാവും മുമ്പേ താമസം തുടങ്ങിയ കുടുംബങ്ങളെ മലവെള്ളപ്പാച്ചില്‍ വന്നതോടെ കഴിഞ്ഞ വര്‍ഷം മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
തഹസില്‍ദാര്‍ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് ദുര്‍ഘടമായ സ്ഥലത്ത് സര്‍ക്കാര്‍ പദ്ധതിയില്‍ വീടുവെച്ചതിലെ അപകടാവസ്ഥ ബോധ്യപ്പെട്ടത്. ക്രമക്കേടുകളും അഴിമതിയും അന്വേഷിക്കണമെന്ന് സംയുക്തമായി വിജിലൻസില്‍ പരാതി നല്‍കാൻ നിലവിലെ ഭരണസമിതി തീരുമാനിക്കുകയും പരാതി നല്‍കുകയും ചെയ്തു.
എന്നാല്‍, നടപടിയുണ്ടായില്ല. ജിയോളജി, മണ്ണ് പരിശോധന വിഭാഗം എന്നിവരെ കൊണ്ടു വന്ന് സ്ഥലം പരിശോധിക്കുമെന്ന് തഹസില്‍ദാര്‍ കുടുംബങ്ങളെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഏതെങ്കിലും നിലക്ക് കുടുംബങ്ങളെ സഹായിക്കാൻ സ്വകാര്യഭൂമിയില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കലാണ് ചെയ്യാനുള്ളത്. അതിന് പഞ്ചായത്ത് ഫണ്ട് ചെലവിടാൻ പരിമിതികളുണ്ട്.
ദുരന്തനിവാരണ പദ്ധതിയില്‍ കലക്ടറുടെ അനുമതിയോടെ ഇവിടെ സംരക്ഷണ ഭിത്തി നിര്‍മിക്കാൻ ബന്ധപ്പെട്ടവര്‍ മുൻകൈ എടുക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. മറ്റെവിടെയും ഭൂമി ലഭിക്കാതെ വലഞ്ഞ ഘട്ടത്തിലാണ് 14 കുടുംബങ്ങള്‍ പരിയാപുരം കിഴക്കേ മുക്ക് മലയില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയ ഭൂമി വാങ്ങാൻ സന്നദ്ധരായത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
