പണി നിലച്ച കെട്ടിടങ്ങളും വെള്ളക്കെട്ടും തെരുവു നായ്ക്കളുടെയും കൊതുകിന്റെയും കേന്ദ്രം

Share to

Perinthalmanna Radio
Date: 01-07-2023

പെരിന്തൽമണ്ണ: നിർമാണം നിലച്ചതും പാതിവഴിയിൽ നിർത്തിയതുമായ ബഹുനിലക്കെട്ടിടങ്ങൾ തെരുവുനായ്ക്കളുടെയും കൊതുകിന്റെയും വിഹാരകേന്ദ്രങ്ങളാകുന്നു. മഴ തുടങ്ങിയതോടെ ഈ കെട്ടിടങ്ങളുടെ താഴ്ഭാഗത്തെ വെള്ളക്കെട്ടുകളാണ് കൊതുകുകൾക്ക് വളരാൻ വഴിയൊരുക്കുന്നത്.

നഗരസഭയിലെ മാനത്തുമംഗലം ബൈപ്പാസ് റോഡിലും മറ്റുമാണ് ഇത്തരം കെട്ടിടങ്ങൾ ഏറെയുള്ളത്. വെള്ളം നിറയുന്ന പ്രദേശമായതിനാലും മുഴുവൻ പണികളും തീരാത്തതിനാലും ഇത്തരം കെട്ടിടങ്ങളുടെ ഭൂഗർഭനിലകളിലും മറ്റും വെള്ളം കെട്ടിനിൽക്കുന്നുണ്ട്. വ്യാപാരകേന്ദ്രങ്ങൾക്കായുള്ള ഇതുപോലത്തെ കെട്ടിടങ്ങളുടെ സമീപത്ത് താമസിക്കുന്ന വീട്ടുകാരാണ് കൊതുകുശല്യത്താൽ പ്രയാസത്തിലാകുന്നത്.

സ്ഥലത്തിന്റെയോ കെട്ടിടത്തിന്റെയോ ഉടമകളെ കാണാനും സാധിക്കാത്തതിനാൽ പരാതി പറയാനും പറ്റുന്നില്ല. പണിക്കാർ മാത്രമാണ് പലയിടത്തുമുള്ളതെന്നും നാട്ടുകാർ പറയുന്നു. പാതി നിർമിച്ച കെട്ടിടങ്ങളിൽ മഴ കൊള്ളാതെ കഴിയാമെന്നതിനാൽ തെരുവുനായ്ക്കളും ഇങ്ങനെയുള്ള കെട്ടിടങ്ങൾ താവളമാക്കുന്നു.

ഇതോടെ പരിസരത്തുള്ളവർക്ക് വഴിയിലിറങ്ങി നടക്കാനാവാത്ത സ്ഥിതിയുണ്ട്. ആളെ കാണുമ്പോൾ കൂട്ടത്തോടെ ഇറങ്ങിവരുന്ന നായ്ക്കൾ വലിയ ഭീതിയുണ്ടാക്കുന്നു. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി വാർഡുകളിൽ മുഴുവനും ശുചീകരണം നടത്താനും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും നഗരസഭ തീരുമാനിച്ചിരുന്നു. ഇത്തരം കെട്ടിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാനും കൂടി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *