പുതുവർഷത്തിൽ അക്ഷരപ്പുലരിയുമായി പരിയാപുരം സെയ്ന്റ് മേരീസ് സ്കൂൾ

Share to

Perinthalmanna Radio
Date: 01-01-2023

അങ്ങാടിപ്പുറം: പുതുവർഷത്തിൽ പുതിയ പുലരി വിടരുകയാണ് പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ. അറിവിൻ്റെയും സൗഹൃദത്തിൻ്റെയും കൂട്ടായ്മയുടെയും ‘അക്ഷരപ്പുലരി’. ക്രിസ്മസ് അവധിക്കാലത്ത് അറിവുത്സവം ഒരുക്കി വിദ്യാർഥികളെ ചേർത്തുപിടിച്ചു, ഈ വിദ്യാലയം.

കോവിഡ് കാലം കുട്ടികളിൽ ഉണ്ടാക്കിയ അറിവിൻ്റെ കുറവുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ അക്ഷരപ്പുലരി എന്ന പദ്ധതിക്ക് കഴിഞ്ഞ 24ന് തുടക്കമിട്ടത്. വിജയഭേരി, നല്ലപാഠം, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സീഡ് എന്നീ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ അധ്യാപകരും പൂർവവിദ്യാർഥികളും പൊന്ന്യാകുർശി ഐഎസ്എസ്  കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിലെ അധ്യാപക വിദ്യാർഥികളും കൂട്ടുചേർന്ന് ഒരുക്കിയ പരിശീലന പരിപാടി കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു.

പല സാഹചര്യങ്ങളാൽ പഠനത്തിൽ പ്രയാസം അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് പരിശീലനം കരുത്തായി. കുട്ടികളെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച് കളിച്ചും ചിരിച്ചും കൂട്ടുകൂടിയും ലളിതമായ മാർഗങ്ങളിലൂടെ അറിവിൻ്റെ ലോകത്തേക്ക് പരിശീലകർ കൈപിടിച്ചു.
മഞ്ഞളാംകുഴി അലി എംഎൽഎ, സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ, ഇടയ്ക്ക വിദ്വാൻ പെരിങ്ങോട് മണികണ്ഠൻ, സിനിമാ താരം സൂരജ് തേലക്കാട്, നവ വൈദികൻ ഫാ.ജോബിൻ പുതുപ്പറമ്പിൽ തുടങ്ങി ഒട്ടേറെപ്പേർ ക്യാംപിലെത്തി കുട്ടികൾക്ക് പ്രോത്സാഹനമേകി.

പ്രധാനാധ്യാപിക ജോജി വർഗീസ്, അക്ഷരപ്പുലരി കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, സുബിൻ പി.ബിജു, പി.ആർ.മിഥുൻ, ശ്രീജ ജോസഫ്, എം.റിമ്മി രാജ്, പി.അഞ്ജിത, കെ.അമീറ, ജിനു ജോയി, കെ.ടി.ഹന്നത്ത്, സി.പി.ശ്രീന, എം.കെ.ഫസ്ന, കെ.എസ്.സിബി, പി.ജി.ജോസഫ്, സീന ജോസഫ്, പി.എം.പാർവതി, ഇ.അജ്മൽ, സ്വപ്ന സിറിയക് തുടങ്ങിയവർ നേതൃത്വം നൽകി.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *