
Perinthalmanna Radio
Date: 08-03-2023
പെരിന്തൽമണ്ണ: ഏലംകുളം മാട്ടായ്‌ക്കുന്ന് ഭഗവതീ ക്ഷേത്രത്തിലും അങ്ങാടിപ്പുറം പുത്തനങ്ങാടി ശുഹദാ മഖാമിലും രണ്ട് ദിവസങ്ങളിലായി മോഷണം. തിങ്കളാഴ്ച പുലർച്ചെ 1.50-ഓടെയാണ് മാട്ടായ്‌ക്കുന്ന് ക്ഷേത്രത്തിൽ ശ്രീകോവിലിന് മുന്നിലെ പ്രധാന ഭണ്ഡാരത്തിന്റെയും കാവിന് മുൻപിലുള്ള ഭണ്ഡാരത്തിന്റെയും പൂട്ട് പൊളിച്ച് പണം കവർന്നത്.
മുഖംമൂടി വെച്ച് പാന്റ്‌സും ഷർട്ടുമിട്ടയാൾ വിശാലമായ ക്ഷേത്രപ്പറമ്പിലൂടെ നടന്ന് പടികൾകയറി ക്ഷേത്രത്തിലേക്ക് കടക്കുന്നതും ഭണ്ഡാരങ്ങളിലെ പണമെടുക്കുന്നതും നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കാവിലെ ഭണ്ഡാരത്തിന് മുൻപിൽ നാണയങ്ങൾ ചിതറിക്കിടപ്പുണ്ട്. 2.20-ഓടെയാണ് മോഷ്ടാവ് മടങ്ങുന്നത്.
ക്ഷേത്രത്തിന്റെ സത്രത്തിലും പത്തായപ്പുരയിലും ജീവനക്കാർ താമസമുണ്ടായിരുന്നെങ്കിലും മോഷണം അറിഞ്ഞില്ല. ഫെബ്രുവരി 28-നാണ് ഭണ്ഡാരങ്ങളിലെ പണം അധികൃതർ അവസാനമെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രതിഷ്ഠാദിനാഘോഷവും ലക്ഷംദീപം സമർപ്പണവും നടന്നിരുന്നു. ക്ഷേത്ര അധികൃതരുടെ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് വിവരങ്ങൾ ശേഖരിച്ച് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച പുലർച്ചെ 1.50-ഓടെ തന്നെയാണ് അങ്ങാടിപ്പുറം പുത്തനങ്ങാടി ശുഹദാ മഖാമിലും മോഷണം നടന്നത്. മഖാമിന്റെ ഗ്രില്ല് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. മേശവലിപ്പിലെ രസീത് പണമായ അയ്യായിരത്തിലേറെ രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ തൊട്ടടുത്ത് മരത്തിൽ നിർമിച്ച നേർച്ചപ്പെട്ടിയിലെ പണവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന്റെ പൂട്ട് തകർത്തിട്ടില്ല.
മേശവലിപ്പ് തുറക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പാന്റ്‌സും ഷർട്ടുമിട്ട യുവാവാണ് ദൃശ്യങ്ങളിലുള്ളത്. മഖാം ഭാരവാഹികളുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.
പെരിന്തൽമണ്ണ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം പതിവായ ഭീതി നിലനിൽക്കേയാണ് ഗ്രാമീണ പ്രദേശങ്ങളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടന്നത്. രണ്ടിടത്തും ഒരേസമയത്താണ് മോഷണം നടന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ