മങ്കട ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

Share to

Perinthalmanna Radio
Date: 06-01-2023

മലപ്പുറം: മങ്കട ബ്ലോക്ക്പഞ്ചായത്തിന്റെ പാലൂർകോട്ട വ്യവസായ എസ്റ്റേറ്റിലെ 2.95 ഏക്കർ ഭൂമി ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി വിരമിക്കുന്നതിന്റെ തലേന്ന് അദ്ദേഹത്തിന്റെ ഭാര്യയടക്കം 14 പേർക്ക് ജൻമാധാരമായി എഴുതിക്കൊടുത്ത സംഭവത്തിൽ ബ്ലോക്ക്പഞ്ചായത്ത് ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വ്യാഴാഴ്‌ച രാവിലെ 11-ന് തുടങ്ങി ഉച്ചയ്ക്ക് രണ്ടുമണിവരെ പരിശോധന നീണ്ടു. ഇൻസ്‌പെക്ടർ എം.സി. ജിൻസ്റ്റന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പഞ്ചായത്ത് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. മുരളിയും സന്നിഹിതനായിരുന്നു. നിയമവശങ്ങളിൽ വ്യക്തത വരുത്താനാണ് അദ്ദേഹത്തെ കൂടെ കൊണ്ടുപോയത്.

ഭൂമി വിൽപ്പനയ്ക്ക് ആധാരമാക്കിയ ഹൈക്കോടതി ഉത്തരവ്, ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി തയ്യാറാക്കിയ നടപടിക്രമങ്ങൾ, ഭരണസമിതി അംഗീകരിച്ച നിയമാവലി തുടങ്ങിയവയുടെ പകർപ്പ് വിജിലൻസ് എടുത്തിട്ടുണ്ട്. ഇവ പരിശോധിച്ച് തുടർനടപടി തീരുമാനിക്കുമെന്ന് അധികൃതർ പറഞ്ഞു. എസ്റ്റേറ്റ് ഭൂമി സംഘം സന്ദർശിക്കുകയുംചെയ്തു.

പ്രഥമദൃഷ്‌ട്യാ ക്രമക്കേട് ബോധ്യപ്പെട്ടതായാണു വിവരം.

പഞ്ചായത്തീരാജ് നിയമപ്രകാരം തദ്ദേശസ്ഥാപനങ്ങളുടെ ഭൂമി സ്വകാര്യവ്യക്തികൾക്ക് ജൻമാധാരമായി നൽകണമെങ്കിൽ സർക്കാർ അനുമതിവേണം. അതു ലഭിച്ചതായി രേഖ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭൂമി നൽകാൻ ഭരണസമിതി തീരുമാനിച്ചാൽപ്പോലും അതിന് നിയമത്തിന്റെ പിൻബലമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടേണ്ടത് ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. പക്ഷേ, അദ്ദേഹം ഭൂമി വിൽപ്പനയ്ക്കാണ് ഉത്സാഹം കാട്ടിയത്. ഇതിനുള്ള നടപടിക്രമം സംബന്ധിച്ച ഉത്തരവ് സെക്രട്ടറി പുറപ്പെടുവിച്ച 2022 മേയ് 30-ന് തന്നെ ആധാരവും നടന്നു. പിറ്റേന്ന് അദ്ദേഹം വിരമിക്കുകയുംചെയ്തു.

സെക്രട്ടറിയുടെ ഭാര്യയ്ക്കാണ് ഏറ്റവും കൂടുതൽ ഭൂമി കിട്ടിയത്. മറ്റൊരു ബന്ധുവിനും കിട്ടി. ഇത് സ്വഭാവികമായും സംശയം ജനിപ്പിക്കുന്നുവെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. ഭൂമി പ്ലോട്ടുകളായി തിരിച്ച് ഹയർപർച്ചേസ് പ്രകാരം (ഓരോ വർഷവും നിശ്ചിതതുക അടയ്ക്കുന്ന ആളിന് സ്ഥലം സ്വന്തമാകുന്ന പദ്ധതി) നൽകാൻ, പദ്ധതിക്ക് തുടക്കമിട്ട 1995-2000 കാലത്തെ ഭരണസമതി തീരുമാനിച്ചിരുന്നുവെന്നും അതു നടപ്പാക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും ഇപ്പോഴത്തെ ഭരണസമിതി പറയുന്നുണ്ട്. പക്ഷേ, സർക്കാർ അനുമതിവേണ്ട നടപടിയായിരുന്നു ഇത്.

ഓരോരുത്തരും ഭൂമിക്കുവേണ്ടി നൽകിയ തുകയുടെ വ്യക്തമായ കണക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വിജിലൻസ് സംഘം പറയുന്നു. ഉദ്യോഗസ്ഥരായ പി. രാജീവ്, പി.പി. പ്രജിത്, കെ. മണികണ്ഠൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

പുഴക്കാട്ടിരി പഞ്ചായത്തിലാണ് 5.05 ഏക്കർ വരുന്ന എസ്റ്റേറ്റ്. ഇതിൽ 2.95 ഏക്കറാണ് 14 പേർക്കായി ജൻമാധാരം ചെയ്തു നൽകിയത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *