മങ്കട: ഓടകൾക്കും ഓവുപാലങ്ങൾക്കും ലക്ഷങ്ങൾ ചെലവാക്കിയിട്ടും പ്രയോജനമില്ല. മഴ പെയ്താൽ മങ്കട അങ്ങാടിയിൽ വെള്ളക്കെട്ട് രൂക്ഷം. മങ്കട താഴെ അങ്ങാടിയിലും മേലേ അങ്ങാടിയിൽ പെട്രോൾ പമ്പ് മുതൽ പാലിയേറ്റിവ് ക്ലിനിക്ക് വരെയുമാണ് വെള്ളക്കെട്ട് അനുഭവപ്പെടുന്നത്.
മലിനജലം മുഴുവൻ റോഡിൽ പരന്നൊഴുകി കാൽനടയാത്രയും വാഹന യാത്രയും പ്രയാസത്തിലാണ്. താഴെ അങ്ങാടിയിൽ മഞ്ചേരി റോഡിലെ കടകളിൽ വരെ വെള്ളംകയറുന്നു. കഴിഞ്ഞവർഷം ഓടകളും ഓവുപാലങ്ങളും പുതുക്കിപ്പണിതെങ്കിലും വേണ്ടത്ര ആസൂത്രണമില്ലാതെ നടപ്പാക്കിയതിനാൽ ഫലം കണ്ടില്ല.
റോഡിലെ വെള്ളം ഓടയിലേക്ക് ഒഴുകാൻ വഴി ഉണ്ടാക്കാത്തതാണ് വിനയായത്. ഇക്കാര്യം നിർമാണ വേളയിൽ നാട്ടുകാർ കരാറുകാരനോട് സൂചിപ്പിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. രണ്ട് വശത്തും ഓടയുണ്ടെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥയാണ്.
പാലക്കത്തടം മില്ലുംപടി മുതൽ വെള്ളം ഒഴുകി മങ്കട താഴെ അങ്ങാടിയിലെത്തുന്നു. ആശുപത്രി റോഡിൽ നിന്നുള്ള വെള്ളംകൂടി എത്തുന്നതോടെ താഴെ അങ്ങാടിയിൽ രണ്ടടിയോളം വെള്ളം റോഡിൽ പരന്നൊഴുകുകയാണ്. ഇത് ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികൾക്കും യാത്രക്കാർക്കും പോസ്റ്റോഫീസ്, ആശുപത്രി, ബാങ്ക് എന്നിവിടങ്ങളിലേക്ക് വരുന്നവർക്കും ദുരിതമുണ്ടാക്കുന്നു.
മങ്കട അങ്ങാടി വികസനത്തിന്റെ ഭാഗമായി എം.എൽ.എ. ഫണ്ടിൽ 60 ലക്ഷത്തിൻ്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. വ്യാപാരികളുടെയും നാട്ടുകാരുടെയും സഹകരണവും നിർദ്ദേശങ്ങളും പരിഗണിക്കാൻ യോഗം വിളിക്കാൻ തന്നെ എം.എൽ.എ. ചുമതല പെടുത്തിയിട്ടുണ്ടെന്ന് മങ്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്ഗറലി പറഞ്ഞു.