
Perinthalmanna Radio
Date: 28-10-2022
പെരിന്തൽമണ്ണ: മങ്കട മണ്ഡലത്തിലെ വിവിധ വികസന പ്രശ്നങ്ങൾ ഉന്നയിച്ച് മഞ്ഞളാംകുഴി അലി എം.എൽ.എയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ അങ്ങാടിപ്പുറം ടൗണിൽ ജനപ്രതിനിധികൾ കുത്തിയിരി സമരം നടത്തും. 2016ൽ ഭരണാ അനുമതിയായ വൈലോങ്ങര ഓരാടംപാലം ബൈപാസിന് ഫണ്ട് അനുവദിച്ച് പൂർത്തിയാക്കുക, 2010ൽ പ്രാഥമിക വിഹിതം നീക്കിവച്ച ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് റോഡ് ഭൂമി ഏറ്റെടുത്ത് പൂർത്തിയാക്കുക, പാടെ തകർന്ന അങ്ങാടിപ്പുറം വളാഞ്ചേരി റോഡിന് പ്രാഥമികമായി കണക്കാക്കിയ 15 കോടി രൂപ അനുവദിച്ച് ബി.എം ആൻഡ് ബി.സിയിൽ പ്രവൃത്തി നടത്തുക, നേരത്തേ ദേശീയ പാത അതോറിറ്റിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന മക്കരപ്പറമ്പ് ബൈപാസ് പദ്ധതി എൻ.എച്ച്.എ ഉപേക്ഷിച്ച സ്ഥിതിക്ക് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കുക തുടങ്ങിയവയാണ് മുഖ്യ ആവശ്യങ്ങൾ.
മങ്കട താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കി ഉയർത്തിയെങ്കിലും പ്രവർത്തനം പരിതാപകരമാണ്. രണ്ടുവർഷമായി മെഡിക്കൽ ഓഫിസറുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് നികത്തണമെന്നും അങ്ങാടിപ്പുറം ടൗണിലെ ഗതാഗതക്കുരുക്ക് പ്രായോഗികമായി പരിഹരിക്കാൻ പൊലീസും ജില്ല ഭരണകൂടവും ഇടപെടണമെന്നും ആവശ്യപ്പെട്ടു. കുത്തിയിരിപ്പ് സമരം ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും സമാപനം ടി.സിദ്ദിഖ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. അതേ സമയം, ശനിയാഴ്ച കിഫ്ബി ഉദ്യോഗസ്ഥർ ബൈപാസ് പദ്ധതി സ്ഥലം പരിശോധിക്കുന്നുണ്ട്. അന്നു തന്നെയാണ് ജന പ്രതിനിധികളുടെ കുത്തിയിരിപ്പ് സമരവും.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
