
Perinthalmanna Radio
Date: 12-01-2023
ആലിപ്പറമ്പ്: നിർമാണം പൂർത്തിയായി അഞ്ച് വർഷം കഴിഞ്ഞിട്ടും കാമ്പുറം മണ്ണാത്തിക്കടവ് പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനമോ പാലത്തിൽക്കൂടി ബസ് സർവീസോ തുടങ്ങിയില്ല. 2015 ഡിസംബറിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞാണ് തറക്കല്ലിട്ടത്. 6.50 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
തൂതപ്പുഴയ്ക്ക് കുറുകേയുള്ള പാലത്തിന് 112 മീറ്റർ നീളവും 7.5 മീറ്റർ വീതിയും ഇരുവശത്തും 1.5 മീറ്റർ നടപ്പാതയും ഉണ്ട്. 2017 -ൽ പണി പൂർത്തീകരിച്ചു. തുടർന്ന് രണ്ട് വർഷത്തോളം പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ സമീപന റോഡ് ഗതാഗതയോഗ്യമാക്കിയില്ലെന്ന കാരണത്താൽ ഉദ്ഘാടനം നടന്നില്ല. സമീപന റോഡ് നവീകരിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും പാലത്തിന്റെ ഉദ്ഘാടനം ഇനിയും നടന്നിട്ടില്ല. യു.ഡി.എഫ്. ഭരണക്കാലത്താണ് പാലംപണി തുടങ്ങിയത്. ഒന്നാം പിണറായി വിജയൻ മന്ത്രിസഭയുടെ ആദ്യ രണ്ടു വർഷങ്ങളിലാണ് പണി പൂർത്തീകരിച്ചത്.
പണിപൂർത്തിയായി അധികം വൈകാതെ പാലത്തിലൂടെ വാഹന ഗതാഗതം തുടങ്ങി. എന്നാൽ, ബസ് സർവീസുകൾ തുടങ്ങാൻ അധികൃതർ നടപടികളൊന്നും എടുത്തില്ല.
നിർമാണം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ബസ് റൂട്ടുകൾ തുടങ്ങാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ കരിങ്കല്ലത്താണിയിൽനിന്ന് തുടങ്ങുന്ന പൂവത്താണി-കാമ്പുറം റോഡിനെ ചെർപ്പുളശ്ശേരി-പാലക്കാട് സംസ്ഥാന പാതയിലെ മാങ്ങോടുമായി ബന്ധിപ്പിക്കുന്നതാണ് മണ്ണാത്തിക്കടവ് പാലം.
പെരിന്തൽമണ്ണ, കരിങ്കല്ലത്താണി ഭാഗങ്ങളിൽനിന്ന് കാമ്പുറം വഴി ചെർപ്പുളശ്ശേരി, ഒറ്റപ്പാലം ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് റൂട്ടുകളും സ്വകാര്യ ബസ് റൂട്ടുകളും തുടങ്ങണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ചെർപ്പുളശ്ശരി, ഒറ്റപ്പാലം, ഷൊർണൂർ ഭാഗങ്ങളിലെ കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾക്കും മാങ്ങോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് പോകുന്നവർക്കും ബസ് സർവീസുകൾ ഉപകാരപ്പെടും.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
