
Perinthalmanna Radio
Date: 30-11-2022
പെരിന്തൽമണ്ണ: ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കി കൈമാറാൻ കരാർ നൽകിയ മേലാറ്റൂർ- പുലാമന്തോൾ പാതയിലെ 30 കി.മീ. ഭാഗം 27 മാസമായിട്ടും തീർന്നില്ല. ആകെ പൂർത്തിയായത് 44 ശതമാനം മാത്രമാണ്. ആറു മാസമായി ഒരു പ്രവൃത്തിയും നടന്നിട്ടില്ല. എന്നിട്ടും പൊതു മരാമത്ത് വകുപ്പോ മേൽനോട്ടം വഹിക്കുന്ന കെ.എസ്.ടി.പിയോ പെരിന്തൽമണ്ണയിലെ ജന പ്രതിനിധികളോ പ്രതികരിക്കുന്നില്ല. 139 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന റോഡ് പുനരുദ്ധാരണ പദ്ധതി ഇനി എന്ന് പൂർത്തിയാവുമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി) വിഭാഗത്തിന് ഒരു നിശ്ചയവുമില്ല. ആറു മാസം പണി ചെയ്യാതിരുന്നപ്പോൾ, ഒരാഴ്ച മുമ്പ് കരാർ കമ്പനി പ്രതിനിധികളെ വിളിച്ച് കെ.എസ്.ടി.പി എൻജിനീയർമാർ ഇങ്ങനെ പോയാൽ ടെൻഡർ റദ്ദാക്കി പുതിയ കരാറുകാരെ ഏൽപിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും നിർമാണം തുടങ്ങാൻ നീക്കം ഉണ്ടായിട്ടില്ല. കെ.എസ്.ടി.പി ചീഫ് എൻജിനീയർ ഡിങ്കി ഡിക്രൂസ് അടക്കം ഉദ്യോഗസ്ഥർ നിർമാണം വിലയിരുത്തിയതല്ലാതെ പിന്നീട് ഇടപെടൽ ഉണ്ടായില്ല.
2020 സെപ്റ്റംബർ 11ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പ്രവേശിക്കേണ്ട വഴി അഴുക്കു ചാൽ നിർമാണത്തിന്റെ പേരിൽ മിക്കയിടത്തും കൊട്ടിയടച്ച നിലയിലാണ്. ഇതിനകം പൂർത്തിയായ 44 ശതമാനത്തിൽ അഴുക്കു ചാൽ, റോഡ് ഉയർന്ന ഭാഗം താഴ്ത്തൽ, കളവർട്ടുകൾ, മിനി ബ്രിഡ്ജ് നിർമാണം എന്നിവയാണുള്ളത്.
പെരിന്തൽമണ്ണ ടൗണിലേക്ക് പ്രവേശിക്കുന്ന ഊട്ടി റോഡിൽ ബൈപാസ് ജങ്ഷനിൽ ഒരു മിനി ബ്രിഡ്ജുകൂടി പൊളിച്ച് പുനർ നിർമിക്കണം. ശേഷിക്കുന്ന ഭാഗങ്ങളിലെ ഡ്രെയിനേജ്, റോഡ് പ്രവൃത്തി എന്നിവയടക്കം 56 ശതമാനം ഇനിയും തീരാനുണ്ട്. കുടിവെള്ള പൈപ്പിടലുമായി ബന്ധപ്പെട്ട് റോഡ് പ്രവൃത്തി അനന്തമായി നീണ്ട ഘട്ടത്തിൽ വലിയ തോതിൽ ജനരോഷം ഉയർന്നിരുന്നു. തുടർന്ന് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥലത്തെത്തി ഉദ്യോഗസ്ഥരുടെയും കരാർ കമ്പനി പ്രതിനിധികളുടെയും യോഗം വിളിച്ച് സമയ ബന്ധിതായി പണി തീർക്കാനും ഓരോ മാസവും ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അവലോകനം നടത്താനും നിർദേശിച്ചു. ഹൈദരാബാദ് കേന്ദ്രമായ കരാർ കമ്പനി പ്രവൃത്തി ഏറ്റെടുത്ത് ചെന്നൈ കേന്ദ്രമായ കമ്പനിക്ക് ഉപകരാർ നൽകിയതാണ്. പണി നിശ്ചലമായതോടെ ഏറ്റെടുത്ത കമ്പനിയോട് തന്നെ തീർക്കാൻ കർശന നിർദേശം നൽകി. എന്നിട്ടും പ്രവൃത്തി പുനരാരംഭിച്ചിട്ടില്ല.
