
Perinthalmanna Radio
Date: 22-04-2023
പെരിന്തൽമണ്ണ: പെരുമ്പിലാവ് നിലമ്പൂർ സംസ്ഥാന പാതയിലെ വലിയങ്ങാടി മുണ്ടത്ത് പാലത്തിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുന്നതായി ആക്ഷേപം. കഴിഞ്ഞ മാർച്ച് 17ന് ആണ് പാലം പൊളിച്ചു പണിയുന്നതിനായി റോഡ് അടച്ചത്. ചെറിയ വാഹനങ്ങൾ കടന്നു പോകാൻ തോട് നികത്തി മണ്ണിട്ട് റോഡ് ഉണ്ടാക്കിയിരിക്കുകയാണ്. വലിയ വാഹനങ്ങൾ ബൈപാസ് വഴി തിരിച്ചു വിട്ടിരിക്കുകയാണ്. 45 ദിവസത്തിനകം പുതിയ പാലം നിർമിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഒരു മാസം പൂർത്തിയായിട്ടും പാലത്തിന്റെ നിർമാണം എവിടെയും എത്തിയിട്ടില്ല. അടിത്തറയ്ക്കുള്ള കുഴിയെടുക്കൽ മാത്രമാണ് പൂർത്തിയായത്. നിലവിലെ സാഹചര്യത്തിൽ പണി പൂർത്തിയാകാൻ ഇനിയും മാസങ്ങളെടുക്കും.
സംസ്ഥാന പാതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 138.5 കോടി രൂപ ചെലവിലുള്ള നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് രണ്ടര വർഷമായി. ഇപ്പോഴും പലയിടങ്ങളിലും പണി പാതി വഴിയിൽ കിടക്കുകയാണ്. പൂർത്തീകരിച്ച പല പ്രവൃത്തികളിലും ആക്ഷേപവും പരാതികളും നില നിൽക്കുന്നുണ്ട്.
പാലത്തിന്റെ ഇരു വശങ്ങളിലെയും വ്യാപാരികളും യാത്രക്കാരുമെല്ലാം ഏറെ പ്രതിസന്ധിയിലാണ്. റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും തോടിലൂടെയുള്ള നീരൊഴുക്ക് കാര്യ ക്ഷമമാക്കുന്നതിനും പഴയ പാലത്തിന്റെ പഴക്കം പരിഗണിച്ചുമാണ് വീതി കൂട്ടി പുതുക്കി പണിയുന്നത്. എന്നാൽ പാലത്തിന്റെ നിർമാണം അശാസ്ത്രീയമാണെന്ന ആക്ഷേപവുമുണ്ട്. റോഡിലെ വെള്ളക്കെട്ട് തടയുന്നതിനോ ശരിയായ രീതിയിൽ വെള്ളം ഒഴുകി പോകുന്നതിനോ പര്യാപ്തമായ രീതിയിലല്ല പുതിയ നിർമാണമെന്നാണ് ആക്ഷേപം. അധികൃതർ ഇക്കാര്യത്തിൽ ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
