മേലാറ്റൂർ- പുലാമന്തോൾ പാത നവീകരണം; കരാർ റദ്ദാക്കുന്ന കാര്യം മന്ത്രിയുടെ പരിഗണനക്ക്

Share to

Perinthalmanna Radio
Date: 04-12-2022

പെരിന്തൽമണ്ണ: സംസ്ഥാന പാതയിൽ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള നവീകരണ പ്രവൃത്തികൾ മന്ദഗതിയിലായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം വിളിച്ചു ചേർക്കും. നജീബ് കാന്തപുരം എം.എൽ.എ. വിളിച്ചുചേർത്ത കെ.എസ്.ടി.പി. ഉന്നത ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗത്തിലാണ് തീരുമാനം.

നിശ്ചിത സമയമായിട്ടും പണികൾ പൂർത്തിയാക്കാത്തതിനാൽ കരാർ റദ്ദാക്കി കരാറുകാരെ പിൻവലിക്കുന്ന കാര്യമാണ് പ്രധാനമായും ചർച്ചയായത്. കരാറുകാരായ കെ.എം.സി. കമ്പനിയുമായുള്ള നിലവിലെ കരാർ റദ്ദാക്കി വീണ്ടും ടെൻഡർ നടത്തുന്ന കാര്യം യോഗം ചർച്ച ചെയ്തു. ഇങ്ങനെ ചെയ്യുമ്പോൾ വീണ്ടും ഉണ്ടാകാവുന്ന കാലതാമസം കൂടുതൽ പ്രയാസങ്ങളുണ്ടാക്കുമോ എന്നത് പരിശോധിക്കാൻ എം.എൽ.എ. ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

അതേസമയം പൂർത്തിയാക്കിയ പ്രവൃത്തിയുടെ തുക ഇനിയും ലഭിക്കാനുണ്ടെന്നും അത് കിട്ടാതെ തുടർപണികൾ ചെയ്യാനാവില്ലെന്നും കരാറുകാർ യോഗത്തിൽ വ്യക്തമാക്കി. എന്നാൽ കൃത്യമായി പ്രവൃത്തി നടത്താത്തതിനാലും ബില്ലുകൾ സമർപ്പിക്കാത്തതിനാലുമാണ് പണം നൽകാത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പുലാമന്തോൾ മുതലുള്ള മൂന്ന് കിലോമീറ്ററിലെ ടാറിങ് തിങ്കളാഴ്ച തുടങ്ങണമെന്ന് കരാറുകാർക്ക് എം.എൽ.എ. നിർദേശം നൽകി. ഇതോടൊപ്പം കുടിവെള്ളപൈപ്പ് സ്ഥാപിക്കുന്നതിനും ബി.സി. ടാറിങ് പ്രവൃത്തികൾ തുടങ്ങുന്നതിനും നടപടി സ്വീകരിക്കും.

നിലവിലെ കരാർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗംചേരാൻ തീരുമാനിച്ചത്. നിയമസഭാ സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച തന്നെ ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എം.എൽ.എ. പറഞ്ഞു. സഭാസമ്മേളനം തുടങ്ങുന്ന ആഴ്ചയിൽത്തന്നെ ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് യോഗം ചേരാനാണ് തീരുമാനം.

എം.എൽ.എ. അധ്യക്ഷതവഹിച്ച യോഗത്തിൽ കെ.എസ്.ടി.പി. പ്രോജക്ട് ഡയറക്ടർ പ്രമോജ് ശങ്കർ, ചീഫ് എൻജിനീയർ കെ.ടി. ലിസ്സി, കൺസൾട്ടന്റ് ജോസഫ് മാത്യു, അസി. എൻജിനീയർ കെ.എം. മനോജ്, കരാറുകാരായ റുത്വിൻ റെഡ്ഡി, ജി. കാർത്തിക് എന്നിവർ പങ്കെടുത്തു.

Share to

Leave a Reply

Your email address will not be published. Required fields are marked *