Perinthalmanna Radio
Date: 30-08-2023
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലെ വികസന പദ്ധതികളോട് സര്‍ക്കാര്‍ തുടരുന്ന അവഗണന വിശദീകരിച്ച് ജനകീയ സമരത്തിനൊരുങ്ങുകയാണ് രണ്ടു മണ്ഡലങ്ങളിലെയും എം.എല്‍.എമാര്‍.
ആശുപത്രി നഗരത്തിലേക്ക് ഏറെപ്പേര്‍ യാത്ര ചെയ്യുന്ന അങ്ങാടിപ്പുറം- വളാഞ്ചേരി റോഡ് അഞ്ചു വര്‍ഷത്തോളമായി തകര്‍ന്നു കിടന്നിട്ടും ഫണ്ട് അനുവദിക്കുകയോ പുനര്‍ നിര്‍മാണത്തിന് നടപടിയെടുക്കുകയോ ചെയ്യാത്തതാണ് മഞ്ഞളാംകുഴി അലി എം.എല്‍.എ ഉയര്‍ത്തുന്നത്. 140 കോടി രൂപ മുൻ ഇടത് സര്‍ക്കാര്‍ അനുവദിച്ചതിനെ തുടര്‍ന്ന് നിലമ്പൂര്‍ – പെരുമ്പിലാവ് സംസ്ഥാന പാതയില്‍ മേലാറ്റൂര്‍ മുതല്‍ പുലാമന്തോള്‍ വരെ 30 കിലോമീറ്റര്‍ നവീകരണം മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയിട്ടും പ്രവൃത്തി പൂര്‍ത്തിയാക്കാതെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതായാണ് നജീബ് കാന്തപുരം എം.എല്‍.എ ഉയര്‍ത്തുന്ന പരാതി. ജനങ്ങളെ സംഘടിപ്പിച്ച് സമരം ചെയ്യുമെന്ന് മഞ്ഞളാംകുഴി അലിയും സമരം മന്ത്രിയുടെ ഓഫിസ് പടിക്കലേക്ക് മാറ്റുകയാണെന്ന് നജീബ് കാന്തപുരവും പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റൊരു പ്രധാന വികസന പ്രശ്നമാണ് പെരിന്തല്‍മണ്ണ ജില്ല ആശുപത്രി. ആരോഗ്യ മന്ത്രി ഇപ്പോഴും ഇതിനെ താലൂക്ക് ആശുപത്രിയായാണ് കണക്കാക്കിയത്. അവഗണനക്ക് പരിഹാരം തേടി എം.എല്‍.എയും ജില്ല പഞ്ചായത്ത് പ്രതിനിധികളും മന്ത്രിയെ കാണാൻ തലസ്ഥാനത്ത് എത്തിയെങ്കിലും ആരോഗ്യ ഡയറക്ടറെ കണ്ട് മടങ്ങേണ്ടി വന്നു. ഓരാടംപാലം മുതല്‍ മാനത്തുമംഗലം വരെ 4.1 കിലോമീറ്റര്‍ ബൈപാസ് 2010ല്‍ നിര്‍ദേശിച്ചെങ്കിലും ഇപ്പോള്‍ വിസ്മൃതിയിലാണ്.
എം.എല്‍.എ ഫണ്ടിലുള്ള ചെറിയ റോഡ് നവീകരണവും മരാമത്ത് വകുപ്പിന്‍റെ കുഴിയടക്കലുമല്ലാതെ സര്‍ക്കാര്‍ പദ്ധതികളൊന്നും രണ്ടു മണ്ഡലത്തിലും വരുന്നില്ല. അഹമ്മദ് കബീര്‍ എം.എല്‍.എയായിരുന്നപ്പോള്‍ 2016 മുതല്‍ നിരന്തരം ശ്രമം നടത്തി സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടു വന്ന വൈലോങ്ങര – ഓരാടംപാലം ഒരു കിലോമീറ്റര്‍ ബൈപാസിന് അടുത്തിടെ 16 കോടി അനുവദിച്ചതാണ് മങ്കടയില്‍ ഉണ്ടായ ഒരു പദ്ധതി.
*മേലാറ്റൂര്‍ -പുലാമന്തോള്‍ റോഡ്*
30 കി.മീ പുനര്‍നിര്‍മാണത്തിന് 140 കോടി മുൻ പിണറായി സര്‍ക്കാര്‍ അനുവദിച്ച് 2020 സെപ്റ്റംബറില്‍ മുഖ്യമന്ത്രി ഉദ്ഘാടനവും നടത്തി. ഒന്നര വര്‍ഷംകൊണ്ട് തീര്‍ക്കേണ്ടത് മൂന്നു വര്‍ഷമായപ്പോള്‍ 52 ശതമാനം മാത്രം പൂര്‍ത്തിയായി. രൂക്ഷമായ യാത്ര ക്ലേശമാണ് ഈ റോഡില്‍. മന്ത്രി നേരിട്ടെത്തി ദുരിതം കണ്ടതാണ്. ഡിസംബര്‍ വരെ കരാര്‍ കാലാവധി നീട്ടി. പണം നല്‍കുന്നില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തി പുനര്‍ ലേലത്തില്‍ റോഡ് പൂര്‍ത്തിയാക്കാത്തത് ബന്ധപ്പെട്ടവര്‍ക്ക് എന്തോ താല്‍പര്യം ഉള്ളതു കൊണ്ടാണെന്ന് നജീബ് കാന്തപുരം എം.എല്‍.എ കുറ്റപ്പെടുത്തി.
*അങ്ങാടിപ്പുറം -വളാഞ്ചേരി റോഡ്*
ആശുപത്രികളിലേക്കും പെരിന്തല്‍മണ്ണ ടൗണിലേക്കും വാഹനങ്ങളെത്തുന്ന റോഡില്‍ 13.6 കി.മീ തകര്‍ന്നിട്ട് അഞ്ചു വര്‍ഷത്തിന് മുകളിലായി. 18 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ഫണ്ട് അനുവദിക്കാൻ മഞ്ഞളാംകുഴി അലി എം.എല്‍.എ നിയമസഭയില്‍ തുടരെ ചോദ്യങ്ങളും സബ്മിഷനും ഉന്നയിച്ചിട്ടും രക്ഷയില്ല.
ഒന്നര കി.മീ ഭാഗം മൂന്നു കോടി ഉപയോഗിച്ച് പ്രവൃത്തി നടത്തി. 12 കി.മീ ഭാഗം കുഴിയടക്കാൻ 54.64 ലക്ഷം രൂപ അനുവദിച്ച് തലയൂരി. മന്ത്രിയുടെ ശ്രദ്ധയിലേക്ക് രണ്ട് സബ് മിഷൻ, രണ്ട് ചോദ്യം, ആറു നിവേദനം എന്നിവ ഉണ്ടായി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ