മേലാറ്റൂർ റെയിൽവേ ഗേറ്റ് അടച്ചിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു

Share to

Perinthalmanna Radio
Date: 24-12-2022

മേലാറ്റൂർ: ക്രിസ്മസ്, പുതുവത്സ ആഘോഷങ്ങൾക്കിടെ അറ്റകുറ്റപ്പണികൾക്കായി മേലാറ്റൂർ റെയിൽവേ ഗേറ്റ് നാലു ദിവസത്തേക്ക് അടച്ചിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.

ഇത് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചതായി വ്യാപാരികൾക്കും പരാതിയുണ്ട്. ഗേറ്റിലെ പാളത്തിൽ നവീകരണം നടത്തുന്നതിനായി വ്യാഴാഴ്ച രാവിലെയാണ് റെയിൽവേ ഗേറ്റ് പൂർണമായും അടച്ചത്. ഞായറാഴ്ച ഉച്ചയോടെ മാത്രമേ ഗേറ്റ് തുറന്നു കൊടുക്കുകയുള്ളൂ എന്നാണ് അറിയിപ്പ്.

മഞ്ചേരി ഭാഗത്തേക്കുള്ള ബസ്സുകൾ ഗേറ്റിന്റെ പടിഞ്ഞാറുവശത്തും പെരിന്തൽമണ്ണ, മണ്ണാർക്കാട് ഭാഗങ്ങളിലേക്കുള്ള ബസുകൾ കിഴക്കു ഭാഗത്തും നിർത്തിയിട്ട് യാത്രക്കാരെ കയറ്റിയിറക്കി തിരിച്ചു പോകുന്ന വിധത്തിലാണിപ്പോൾ സർവീസ് നടത്തുന്നത്. ബസ്സിൽ നിന്നിറങ്ങുന്ന യാത്രക്കാർ പണി നടക്കുന്ന പാളം മുറിച്ചു കടന്നാണ് റോഡിന് വശത്തേക്കുമെത്തുന്നത്. കല്ലും മണ്ണും നിറഞ്ഞുകിടക്കുന്ന പാളത്തിലൂടെ യാത്രക്കാർ നടന്നു പോകുമ്പോൾ തെന്നി വീഴുന്ന അവസ്ഥയുമുണ്ട്. ഗേറ്റിന് സമീപത്തു നിന്നും മേലാറ്റൂർ ടൗണിലേക്ക് തിരിച്ചും ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നുണ്ട്. ദീർഘദൂര യാത്രക്കാർ പാണ്ടിക്കാട്-പട്ടിക്കാട്-മേലാറ്റൂർ വഴിയോ മേലാറ്റൂർ-ഇരിങ്ങാട്ടിരി-തുവ്വൂർ വഴിയോ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിവേണം സഞ്ചരിക്കാൻ. അടിയന്തര ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകേണ്ട രോഗികളും നാലു ദിവസത്തെ ഗേറ്റ് അടവിൽ ദുരിതം അനുഭവിക്കേണ്ടി വരുന്നുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് ഗേറ്റിലെ പണി തുടങ്ങിയത്. മൂന്നുമണിയോടെ അന്നത്തെ പണി അവസാനിച്ചു. വെള്ളിയാഴ്ച പകൽ യാതൊരു പണിയും പാളത്തിൽ നടത്തിയിട്ടില്ലെന്ന് ജനങ്ങൾ പറയുന്നു. വെറുതെ ഗേറ്റ് അടച്ചിടുകയും പണി നടത്താതിരിക്കുകയും ചെയ്യുന്നതാണ് പ്രതിഷേധങ്ങൾക്ക് കാരണമാവുന്നത്.

അതേസമയം വലിയ യന്ത്രങ്ങൾ കൊണ്ടു വന്നുള്ള പണിയാണ് പാളത്തിൽ നടത്തുന്നതെന്നും, ഗേറ്റിലെ പാളത്തിൽ കല്ലുകളും മറ്റും ഇളക്കിമാറ്റിയുള്ള പണി ആയതുകൊണ്ടാണ് പകൽസമയത്ത് ഗേറ്റ് തുറന്നുകൊടുക്കാൻ കഴിയാത്തതെന്നുമാണ് അധികൃതർ പറയുന്നത്.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *