ലോകം കീഴടക്കിയ മെസ്സിക്ക് ഇന്ന് 36ാം പിറന്നാള്‍

Share to

Perinthalmanna Radio
Date: 24-06-2023

വിശ്വകിരീടത്തിന്‍റെ സുവര്‍ണ ശോഭയില്‍ അര്‍ജന്‍റൈൻ ഇതിഹാസം ലയണല്‍ മെസ്സിക്ക് ഇന്ന് 36ാം പിറന്നാള്‍. കോപ്പ അമേരിക്കയും ഫൈനലിസ്സിമയും ഒടുവില്‍ ഖത്തറില്‍ വിശ്വ കിരീടവും നേടി ഫുട്ബാള്‍ ലോകം കീഴടക്കിയ മെസ്സിയുടെ പിറന്നാളിന് ഇത്തവണ മാധുര്യമേറും.

സമാനതകളില്ലാത്ത ഡ്രിബ്ളിങ് മികവും അസാധ്യ നിമിഷങ്ങളിലെ ഗോളുകളും ടീമിനെ വിജയംതൊട്ടു നിര്‍ത്തുന്ന ഓള്‍റൗണ്ട് ഗെയിമുമായി ആരാധക മനസ്സുകളില്‍ എന്നേ സുല്‍ത്താൻപട്ടമുറപ്പിച്ച താരമാണ് മെസ്സി. യൂറോപിന്‍റെ കളിത്തട്ടുകള്‍ വിട്ട് അമേരിക്കൻ മേജര്‍ സോക്കര്‍ ലീഗിലേക്ക് ചേക്കാറാനിരിക്കെയാണ് താരത്തിന്‍റെ പിറന്നാള്‍. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ ഇന്‍റര്‍ മിയാമി ക്ലബിലേക്കാണ് താരം ഇനി പോകുന്നത്.

2021ല്‍ അര്‍ജന്‍റീനക്കായി കോപ്പ അമേരിക്ക കിരീടം നേടികൊടുത്ത മെസ്സിയുടെ നായകമികവിലാണ് കഴിഞ്ഞവര്‍ഷം ഫൈനലിസിമ, ലോകകപ്പ് എന്നിവയും നേടിയത്. നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അര്‍ജന്‍റീന വീണ്ടും ലോക ഫുട്ബാളിലെ വിശ്വ കിരീടത്തില്‍ മുത്തമിടുന്നത്. ഖത്തറില്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡൻ ബോള്‍ പുരസ്കാരവും മെസ്സിക്കായിരുന്നു. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച ഫുട്ബാളര്‍ക്കുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിനും മെസ്സി അര്‍ഹനായി.

രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിനിടെ എണ്ണമറ്റ നേട്ടങ്ങളും റെക്കോഡുകളും നെഞ്ചോടു ചേര്‍ത്ത മെസ്സി, ഇനിയൊരു ലോകകപ്പിന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഏഴ് ബാലണ്‍ ഡി ഓര്‍ പുരസ്കാരം കൈവശമുള്ള മെസ്സിയാണ് ഏറ്റവും തവണ ഈ പുരസ്കാരം നേടിയ ഫുട്ബാളറും. ഇത്തവണയും മെസ്സിക്ക് തന്നെയാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. ബാഴ്സലോണയുടെ കുട്ടിക്കൂട്ടങ്ങളെ കാല്‍പന്തു ലോകത്തേക്ക് വഴി നടത്തിയ ലാ മാസി അക്കാദമിയില്‍ തുടങ്ങി 17ാം വയസ്സിലാണ് സീനിയര്‍ ടീമിന്റെ ഭാഗമായത്.

നീണ്ട കാലം ജഴ്സിയണിഞ്ഞ ബാഴ്സലോണയാകട്ടെ, മെസ്സിക്കൊപ്പം ഷെല്‍ഫിലെത്തിക്കാത്ത നേട്ടങ്ങളില്ല. 2009ല്‍ ആദ്യമായി ഏറ്റവും മികച്ച ഫുട്ബാളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ സമ്മാനിക്കപ്പെട്ട ശേഷം ശേഷം 2010, 2011, 2012 വര്‍ഷങ്ങളിലായി തുടര്‍ച്ചയായ മൂന്നു തവണ കൂടി നേടി. സുവാരസിനും നെയ്മര്‍ക്കുമൊപ്പം എം.എസ്.എൻ ത്രയം നിറഞ്ഞുനിന്ന സുവര്‍ണ കാലത്ത് ബാഴ്സ ലോകം ഇമ വെട്ടാതെ കണ്‍പാര്‍ക്കുന്ന ടീമായി. 2015ല്‍ പിന്നെയും ബാലണ്‍ ഡി ഓര്‍ നേടിയ ശേഷം 2019, 2012 വര്‍ഷങ്ങളിലും പുരസ്കാരം സ്വന്തമാക്കി റെക്കോഡിട്ടു.

ബാഴ്സക്കായി നേടിയത് റെക്കോഡ് ഗോളുകള്‍. അതുവഴി സ്പാനിഷ് ലീഗുകളിലെ സമാനതകളില്ലാത്ത ടോപ് സ്കോറര്‍. 103 ഗോളുകളുമായി അര്‍ജന്‍റീനയുടെ എക്കാലത്തെയും ടോപ് സ്കോറര്‍. ഏറെ കാലം പന്തുതട്ടിയ ബാഴ്സവിട്ട് രണ്ടു വര്‍ഷം മുമ്ബാണ് താരം പി.എസ്.ജിയിലേക്ക് പോകുന്നത്. എന്നാല്‍, ഫ്രഞ്ച് ക്ലബില്‍ കാര്യങ്ങള്‍ താരത്തിന് അത്ര ശുഭകരമായിരുന്നില്ല. ഇനി പന്തുതട്ടുന്നത് അമേരിക്കല്‍ ലീഗില്‍. കളി മികവും പ്രതിഭയുമായി ഇനിയുമേറെ വര്‍ഷങ്ങള്‍ ഫുട്ബാള്‍ മൈതാനങ്ങളെ ത്രസിപ്പിച്ച്‌ നടക്കാൻ താരത്തിന് കഴിയട്ടെയെന്ന പ്രാര്‍ഥനയിലാണ് ആരാധകര്‍.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *