മിശിഹായുടെ വണ്ടർഗോൾ!
ആഘോഷമാക്കി അർജന്റീന ആരാധകർ

Share to

Perinthalmanna Radio
Date: 27-11-2022

പെരിന്തൽമണ്ണ: ആദ്യമത്സരത്തിലെ അപ്രതീക്ഷിത തോൽവി, സൂപ്പർ താരം മെസിയടക്കമുള്ളവരുടെ മങ്ങിയ ഫോം… നിരാശയിലായിരുന്നു അർജന്റീനൻ ഫുട്ബോൾ ടീമിന്റെ ആരാധകർ. എല്ലാം മറക്കാൻ ലിയോണൽ മെസ്സിയുടെ ​ഗോളിന്റെ അകമ്പടിയോടെ മെക്സിക്കോയെ തോൽപ്പിക്കണമായിരുന്നു. അതാണ് ഞായറാഴ്ച പുലർച്ചെ ഖത്തറിലെ ലുലെ സ്റ്റേഡിയത്തിൽ കണ്ടത്. 65ാം മിനിറ്റിൽ സൂപ്പർതാരം മെസിയുടെ ഇടം കാലിൽ നിന്ന് മാസ്മരിക ​ഗോൾ. 85ാം മിനിറ്റിൽ യുവതാരം ഫെർണാണ്ടസിന്റെ വക മറ്റൊരു കിടിലൻ ​ഗോൾ. കഴിഞ്ഞ മത്സരത്തിലെ തോൽവിയും ഒന്നാം പകുതിയിലെ വിരസതയും ഇല്ലാതാക്കാൻ ഈ നിമിഷങ്ങൾ ധാരാളം മതിയായിരുന്നു ആരാധകർക്ക്.

കേരളത്തിൽ ഏറ്റവും കൂ‌ടുതൽ ആരാധകരുള്ള ടീമുകളിൽ പ്രധാനിയാണ് അർജന്റീന. മുക്കിലും മൂലയിലും അർജന്റീനൻ ആരാധകരെ കാണാം. എങ്ങും ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും. തോറ്റാൽ ഇതെല്ലാം കോഴിക്കൂട് മേയാൻ ഉപയോഗിക്കേണ്ടി വരുമെന്ന ആശങ്കയും ആരാധകർക്ക് ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ മെക്സിക്കോക്ക് എതിരെയുള്ള ജീവന്മരണ പോരാട്ടം കാണാൻ എങ്ങും വലിയ തിരക്കായിരുന്നു. ആരാധകരെ ആശങ്കയിലും നിരാശയിലുമാക്കുന്നതായുരുന്നു ഒന്നാം പകുതി. മെക്സിക്കോയുടെ പ്രതിരോധ കോട്ട പൊളിക്കാൻ മെസിക്കും സംഘത്തിനും ആയില്ല. ഒരുഷോട്ടു പോലും പോസ്റ്റിലേക്ക് ഉതിർത്തതു പോലുമില്ല. മെക്സിക്കോയാകട്ടെ ഇടക്ക് ആക്രമിച്ച് അർജന്റീനയുടെ നെഞ്ചിടിപ്പേറ്റുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ അർജന്റീന ഉണർന്നു. മെസി തന്നെയായിരുന്നു നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഒടുവിൽ മിശിഹായുടെ കാലിൽ നിന്നു തന്നെ ഗോൾ വീണതോടെ എങ്ങും ആഘോഷരാവ്.

മത്സരത്തിന് മുമ്പ് കടുത്ത പ്രതിസന്ധിയിലായിരുന്നു ആരാധകർ. തോൽവി പുറത്തേക്കുള്ള വഴിയാകും. സമനില പോലും മതി‌യായിരുന്നില്ല. അപ്പുറത്ത് ബ്രസീലാകട്ടെ മിന്നുന്ന ഫോമിലാണ്. സെർബിയയെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് മഞ്ഞപ്പട കുതിപ്പ് തുടങ്ങിയത്. അതു കൊണ്ടു തന്നെ അർജന്റീന തോൽക്കുന്നത് ആരാധകർക്ക് ചിന്തിക്കുക പോലും അസാധ്യം. സോഷ്യൽ മീഡിയയിലും അർജന്റീന ആരാധകരുടെ ആറാട്ടാണ്. മെസിയുടെയും അർജന്റീനയുടെയും കളിയെ അവർ കവിതയെഴുതി വാഴ്ത്തുകയാണ്. സാധാരണക്കാരൻ മുതൽ മന്ത്രിമാർ വരെ നിരവധി പേരാണ് അർജന്റീനൻ ജയത്തിൽ ആഘോഷിച്ച് ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റുകൾ പങ്കുവെച്ചത്. ജയത്തിൽ സന്തോഷമുണ്ടെങ്കിലും കപ്പടിക്കാൻ ഇനിയും ഉഷാറാകണമെന്നും ആരാധകർ പറയുന്നുണ്ട്.

Share to

Leave a Reply

Your email address will not be published. Required fields are marked *