
Perinthalmanna Radio
Date: 29-11-2022
പെരിന്തൽമണ്ണ: മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിലേക്കുള്ള റോഡുകൾ ഗതാഗത യോഗ്യമല്ലാതായി മാസങ്ങളായിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ബസ് സ്റ്റാൻഡ് ബഹിഷ്കരിക്കുമെന്ന് ബസ്സുടമകൾ. ഓരോ ദിവസവും ബസുകളുടെ ലീഫും ടയറും പൊട്ടിയും കുഴിയിൽച്ചാടി ബോഡി പൊളിഞ്ഞും നഷ്ടം ഉണ്ടാവുകയാണ്.
ഈ അവസ്ഥയിൽ ബസ് സ്റ്റാൻഡിലേക്ക് കയറിയിറങ്ങാൻ പ്രയാസമാണ്. ഇതോടൊപ്പം ചെറു വാഹനങ്ങൾ നിയന്ത്രണങ്ങളൊന്നുമില്ലാതെ ബസ് സ്റ്റാൻഡിലൂടെ തലങ്ങും വിലങ്ങും ഓടുന്നു.
ഇതെല്ലാം കാരണം വലിയ സാമ്പത്തിക നഷ്ടമാണ് ഉടമകൾക്കുണ്ടാകുന്നത്. ജീവനക്കാരും ജോലിയെടുക്കാൻ പ്രയാസപ്പെടുന്നു.
ഇനിയും റോഡ് നന്നാക്കുന്നത് വൈകിയാൽ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകൾ റോഡുകളുടെ ഇരു ഭാഗങ്ങളിലും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടി വരുമെന്ന് ബസ്സുടമസംഘം ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
യോഗത്തിൽ പ്രസിഡന്റ് സി. ഹംസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. മുഹമ്മദാലി ഹാജി, പി. ജബ്ബാർ, പി.സി. ഹംസപ്പ, സി.പി. മുഹമ്മദലി, പാസ്കോ സഫീർ, പി.എം.എസ്. മാനു എന്നിവർ പ്രസംഗിച്ചു.
