
Perinthalmanna Radio
Date: 15-04-2023
പെരിന്തൽമണ്ണ: മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡ് റോഡ് തുറന്നു. ബസ് സ്റ്റാൻഡിലേക്കുള്ള ജൂബിലി–ബൈപാസ് റോഡ് പുനർ നിർമാണത്തിനായി മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. ഒരു മാസത്തിലേറെ പൂർണമായും പിന്നീട് ഭാഗികമായും റോഡ് അടച്ചിട്ടു. ഏറെക്കാലം പാടേ തകർന്ന റോഡ് വിവിധ ഘട്ടങ്ങളിലായി ഒന്നര കോടിയോളം രൂപ ചെലവിലാണ് നവീകരിച്ചത്. ജനുവരി 7 മുതലാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ച് അടച്ചിട്ടത്. ഒരു മാസത്തിനകം പൂർത്തിയാക്കാനായിരുന്നു തീരുമാനം. മുൻ നിശ്ചയ പ്രകാരമുള്ള പ്രവൃത്തിക്കൊപ്പം മറ്റൊരു കലുങ്കും ഓവുചാലും നിർമിക്കേണ്ടി വന്നു. റോഡ് നവീകരണം കാര്യക്ഷമമാക്കുന്നതിനായി 2 ഓവുപാലങ്ങളും അഴുക്കുചാലും പുനർ നിർമിക്കേണ്ടി വന്നതോടെ നിർമാണം നീളാൻ കാരണമായി.
ബസുകളുടെ വഴി മുടങ്ങിയതോടെ ബസ് സ്റ്റാൻഡിലും ടൗണിലെ റോഡുകളിലുമായി ബസുകൾ വട്ടം കറങ്ങി. ബസ് സ്റ്റാൻഡിലേക്ക് ബസുകളുടെ വരവും പോക്കും തോന്നിയപോലെയായിരുന്നു. ഇതോടെ നഗരവും തീരാകുരുക്കിലായി. പലപ്പോഴും ബസ് തേടി സ്റ്റാൻഡിലെത്തിയ യാത്രക്കാർ ടൗണിലേക്കും ടൗണിലെത്തിയവർ സ്റ്റാൻഡിലേക്കും നടന്നു വലഞ്ഞു.ഇന്നലെ മുതൽ ബസുകൾക്കായി റോഡ് തുറന്നു നൽകിയതോടെ ബസ് സ്റ്റാൻഡും പഴയപടി സജീവമായി. ചില മിനുക്കുപണികൾ കൂടി ബാക്കിയുള്ളതിനാൽ റോഡിന്റെ ഉദ്ഘാടനം അടുത്ത ദിവസമേ നടക്കൂ.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
