
Perinthalmanna Radio
Date: 06-01-2023
അങ്ങാടിപ്പുറം: മുതുവറ മഹാവിഷ്ണുക്ഷേത്രത്തിലെ കുളം മലിനീകരിക്കപ്പെട്ട് ഉപയോഗശൂന്യമായ സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ജില്ലാ മെഡിക്കൽ ഓഫീസറും മലിനീകരണ നിയന്ത്രണ ബോർഡും സംഘവും പരിശോധനക്കെത്തും.
ബുധനാഴ്ച പഞ്ചായത്ത് ഉപസമിതി കുളവും പരിസര പ്രദേശങ്ങളിലെ സ്ഥാപനങ്ങളും വീടുകളും പരിശോധിച്ചിരുന്നു. ക്ഷേത്രത്തിനോട് ചേർന്നുള്ള വാഹന വിൽപ്പന സ്ഥാപനത്തിലെ ജല ശുദ്ധീകരണ പ്ലാന്റ് കുറച്ചു കാലമായി പ്രവർത്തിക്കുന്നില്ല. ഇതു കാരണം സ്ഥാപനത്തിൽ നിന്ന് ഓടയിലേക്ക് ഒഴുകിയെത്തുന്ന മലിനജലം കുളത്തിലേക്ക് ഇറങ്ങിയതാകാനുള്ള സാധ്യതയും പരിശോധനാ സംഘം വിലയിരുത്തി.
സ്ഥാപനത്തിലെ ജല ശുദ്ധീകരണപ്ലാന്റ് പ്രവർത്തിപ്പിക്കാൻ സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നൽകാനും തീരുമാനിച്ചു. ഓട വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ദേശീയപാത അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു.
ഒരേക്കർ വിസ്തൃതിയുള്ള കുളത്തിൽ വെള്ളം മലിനമായതിനെ തുടർന്ന് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. വെള്ളത്തിൽ എണ്ണ പാറിക്കിടക്കുന്ന അവസ്ഥയും ദുർഗന്ധവും ഉണ്ടായി. മൂന്നു മാസത്തോളമായി കുളം പൂർണമായും ഉപയോഗ ശൂന്യമായി. കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്നാണ് സർക്കാർ ലാബിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിലുള്ളത്. സ്വകാര്യ ലാബിലെ പരിശോധനയിൽ വെള്ളത്തിൽ ഗ്രീസും ഓയിലും അമിതമായി കലർന്നതായി കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്രത്തിന് അടുത്തുള്ള വീടുകളിലെ കിണറുകളിലെ ജല സമൃദ്ധിക്ക് കാരണം മുതുവറക്കുളമാണ്. കുളം കേടായതോടെ പരിസരത്തെ വീടുകളിലെ കിണർ വെള്ളത്തിലും എണ്ണപ്പാടയും നിറം മാറ്റവും കാണുന്നുണ്ട്. വേനൽ കടുത്താൽ മറ്റ് കിണറുകളിലും വ്യാപിക്കുമെന്ന ആശങ്കയിലാണ് പരിസര വാസികൾ.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
