
Perinthalmanna Radio
Date: 18-06-2023
പെരിന്തല്‍മണ്ണ: പെരിന്തലമണ്ണ നിയോജക മണ്ഡലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്‌ഥരുടെയും ജനപ്രതിനമിധികളുടെയും സംയുക്‌ത യോഗത്തില്‍ തീരുമാനിച്ചു.
നജീബ് കാന്തപുരം എം.എല്‍.എ. യോഗം ഉദ്‌ഘാടനം ചെയ്‌തു. വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്‌തഫ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്‌ടര്‍ ആര്‍. രേണുക നിലവിലെ പകര്‍ച്ച വ്യാധികളുടെ സ്‌ഥിതി ഗതികള്‍ വിവരിച്ചു. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി 4, പുലാമന്തോള്‍ 3, കീഴാറ്റൂര്‍ 6, ഏലംകുളം 6, ആലിപ്പറമ്ബ് 17, താഴേക്കോട് 11, വെട്ടത്തൂര്‍ 25, മേലാറ്റൂര്‍ 28, എടപ്പറ്റ 18 എന്നിങ്ങനെയാണ് ഈ വര്‍ഷം ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. മലയോര പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേര്‍ന്നത്. ഡെങ്കിപ്പനി, എലിപ്പനി എന്നിവ തടയുന്നതിന് നിയോജക മണ്ഡലത്തില്‍ ജനകീയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്‌ജിതമാക്കാനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.
വെള്ളം കെട്ടി നില്‍ക്കുന്ന സ്‌ഥലങ്ങള്‍ കണ്ടെത്തി കൊതുകിന്റെ ഉറവിട നശീകരണത്തിന് ശ്രദ്ധ ചെലുത്താനും രോഗവ്യാപനം കൂടുതലായ സ്‌ഥലങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനുളള നടപടി സ്വീകരിക്കാനും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. തോട്ടങ്ങളില്‍ നിന്നാണ് മലയോര മേഖലയില്‍ രോഗം വ്യാപിക്കുന്നത്. റബ്ബര്‍ തോട്ടത്തിലെ ചിരട്ട, കൊക്കോ, ജാതി എന്നിയുടെ തോട് ഇവയില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനെതിരെ പ്രതിരോധ നടപടി സ്വീകരിക്കും.
റബര്‍ തോട്ടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ ചെലുത്തും. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. ഷുബിന്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് ബഷീര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി. രാജു, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം. ഫസല്‍, ടെക്‌നിക്കല്‍ അസിസ്‌റ്റന്റ് സി.കെ. സുരേഷ് കുമാര്‍, മുഹമ്മദ് അഷ്‌റഫ്, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ശിവ പ്രസാദ്, ബി.ഡി.ഒ. പാര്‍വതി, വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സബീന പ്രസംഗിച്ചു.
റവന്യൂ, പോലീസ് , വനിതാ ശിശു വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് , പോലീസ് വകുപ്പ്, വിദ്യാഭാസ വകുപ്പ്, ലേബര്‍ വകുപ്പ്, പബ്ലിക് റിലേഷന്‍ വകുപ്പ് തുടങ്ങിയ വകുപ് പ്രതിനിധികളും നിയോജകമണ്ഡലത്തിന് കീഴിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും മെഡിക്കല്‍ ഓഫീസര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
ഈ മേഖലയില്‍ പകര്‍ച്ച വ്യാധികളുടെ നിയന്ത്രണത്തിനു വേണ്ടി സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിക്കൊണ്ട് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്‌ജിതപ്പെടുത്തുവാന്‍ പൊതുജനങ്ങളുടെ സഹകരണം ഉറപ്പു വരുത്തുന്നതിനും യോഗം തീരുമാനിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
