മലപ്പുറം, മഞ്ചേരി ഉൾപ്പെടെ കേരളത്തിലെ നാല് നഗരങ്ങളിലേക്ക് റെയിൽവേ ലൈനിനു സാധ്യത

Share to

Perinthalmanna Radio
Date: 25-11-2022

മലപ്പുറം: അൻപതിനായിരത്തിൽ കൂടുതൽ ജന സംഖ്യയുള്ള മുഴുവൻ നഗരങ്ങളിലേക്കും റെയിൽ ഗതാഗതം ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ നിർദേശം. നിലവിൽ ഈ സൗകര്യം ലഭ്യമല്ലാത്ത നഗരങ്ങളിലേക്കു പുതിയ ലൈൻ എത്തിക്കുന്നതിനുള്ള സാധ്യത ഡിസംബർ രണ്ടിനകം അറിയിക്കണം എന്നാവശ്യപ്പെട്ട് റെയിൽവേ ബോർഡ് സോണൽ മാനേജർമാർക്കു നിർദേശം നൽകി. കേരളത്തിൽ നിന്ന് മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നീ നഗരങ്ങളാണ് ഈ പട്ടികയിൽ ഉള്ളത്.

2024– 2025 വർഷത്തിനുള്ളിൽ പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ കീഴിലാണ് സൗകര്യം ഉറപ്പു വരുത്തുക. രാജ്യം മുഴുവൻ അടിസ്ഥാന സൗകര്യ വികസനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ജനസംഖ്യ കൂടുതലുള്ള പ്രധാന നഗരങ്ങൾ നിലവിലുള്ള റെയിൽവേ ലൈനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ അഞ്ചു കിലോമീറ്ററിലധികം ദൂരത്താണെങ്കിൽ അവ പരിഗണിക്കപ്പെടും.

റെയിൽവേ ബോർഡിന്റെ കണക്കനുസരിച്ച് കേരളത്തിലെ നാലു നഗരങ്ങളിലെ ജനസംഖ്യ ഇങ്ങനെയാണ്. മലപ്പുറം (1,01,386), മഞ്ചേരി (97,102), കൊടുങ്ങല്ലൂർ (60,190), നെടുമങ്ങാട് (60,161). തമിഴ്നാട്ടിലെ വാൽപാറയും കമ്പവും പട്ടികയിലുണ്ട്. സർവേ നടത്തി നിൽത്തിവച്ച നിർദിഷ്ട നിലമ്പൂർ– ഫറോക്ക്, ഇടപ്പള്ളി – ഗുരുവായൂർ, തിരുവനന്തപുരം – പുനലൂർ പാതകൾ പ്രാവർത്തികമാവുകയാണെങ്കിൽ കേരളത്തിലെ നാലു നഗരത്തിലേക്കും റെയിൽ സൗകര്യം ലഭ്യമാകും.

Share to

Leave a Reply

Your email address will not be published. Required fields are marked *