
Perinthalmanna Radio
Date: 08-11-2022
അങ്ങാടിപ്പുറം: ഷൊർണൂർ- നിലമ്പൂർ പാതയിൽ രണ്ടാം ദിവസവും ചരക്കു വണ്ടിക്കുവേണ്ടി മറ്റു തീവണ്ടികളിലെ യാത്രക്കാർ വഴിയിൽ കുടുങ്ങി.
തിങ്കളാഴ്ച 4.10-ന് നിലമ്പൂരിൽനിന്ന് പുറപ്പെട്ട നിലമ്പൂർ-പാലക്കാട് പാസഞ്ചർ ചരക്കുവണ്ടിക്ക് കടന്നുപോകാനായി 40 മിനിറ്റിലധികം അങ്ങാടിപ്പുറത്ത് പിടിച്ചിടേണ്ടിവന്നു. ഇതു കാരണം ഷൊർണൂരിൽനിന്ന് കണക്ഷൻ ട്രെയിനിന് മാറിക്കേറാനുള്ള കണ്ണൂർ, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ അങ്ങാടിപ്പുറത്ത് കുടുങ്ങിക്കിടന്നു.ചരക്കുവണ്ടി വഴിയിൽ കുടുങ്ങിയതുമൂലം ഷൊർണൂർ-നിലമ്പൂർ പാതയിൽ ഞായറാഴ്ച തീവണ്ടികൾ മണിക്കൂറുകളോളം വൈകിയിരുന്നു.
മധ്യപ്രദേശിൽനിന്ന് അങ്ങാടിപ്പുറം എഫ്.സി.ഐ. ഗോഡൗണിലേക്ക് ഗോതമ്പുമായി എത്തിയ ചരക്കുവണ്ടിയാണ് ചെറുകരയിൽ പാളത്തിൽ കുടുങ്ങിയത്. ചെറിയ കയറ്റത്തോടുകൂടിയ ഭാഗത്താണ് ട്രെയിനുകൾ പോകാനാകാതെ കുടുങ്ങിയത്. ഈ സമയം നിലമ്പൂർ-കോട്ടയം എക്സ്പ്രസ് അങ്ങാടിപ്പുറത്ത് എത്തിയിരുന്നു.
കോട്ടയം ട്രെയിനിന്റെ എൻജിൻ എത്തിച്ചാണ് ആറുമണിയോടെ ചരക്കുവണ്ടി ഇവിടെനിന്ന് അങ്ങാടിപ്പുറത്ത് എത്തിച്ചത്. അതിനുശേഷമാണ് രണ്ടു മണിക്കൂറിലേറെ വൈകി കോട്ടയം വണ്ടിക്ക് ഇവിടെനിന്ന് യാത്ര തുടരാനായത്. ആവശ്യത്തിന് ക്രോസിങ് സ്റ്റേഷനുകളുടെ അഭാവവും പാതയിലെ വൈദ്യുതീകരണം പൂർത്തിയാകാത്തതും ഇത്തരം ഘട്ടങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൃത്യമായ ഷെഡ്യൂൾ ഇല്ലാതെ ചരക്കുവണ്ടികൾ സർവീസ് നടത്തുന്നത് പലപ്പോഴും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
