
Perinthalmanna Radio
Date: 01-02-2023
പെരിന്തൽമണ്ണ: ഷൊർണൂർ – നിലമ്പൂർ പാതയിൽ ട്രെയിൻ എൻജിൻ തകരാറിലായതിനെ തുടർന്ന് ട്രെയിനുകൾ മണിക്കൂറുകളോളം വൈകി. ആയിര കണക്കിനു യാത്രക്കാർ വലഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 2.05-ന് ഷൊർണുരിൽ നിന്ന് പുറപ്പെട്ട നിലമ്പൂർ ട്രെയിനാണ് പട്ടിക്കാട്ടു വച്ച് എൻജിൻ തകരാർ മൂലം 2 മണിക്കുറോളം നിർത്തിയിടേണ്ടി വന്നത്. 4.40ന് നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്കു പോകേണ്ട ട്രെയിനിന്റെ എൻജിൻ പട്ടിക്കാട്ട് എത്തിച്ച ശേഷമാണ് നിലമ്പൂരിലേക്ക് തകരാറിലായ ട്രെയിൻ എത്തിച്ചത്.
ഇതേസമയം കോട്ടയം ട്രെയിൻ വാണിയമ്പലത്ത് എൻജിൻ ഇല്ലാത്തത് മൂലം നിർത്തിയിടേണ്ടി വന്നു. കോട്ടയം ട്രെയിനിലെ യാത്രക്കാരും പ്രയാസത്തിലായി. ഏകദേശം 2 മണിക്കൂറിനു ശേഷം 5.45ന് ഷൊർണുരിൽ നിന്ന് എൻജിൻ എത്തിയാണ് വാണിയമ്പലം സ്റ്റേഷനിൽ നിന്ന് കോട്ടയം ട്രെയിൻ പുറപ്പെട്ടത്. പാലക്കാട് ട്രെയിൻ നിലമ്പൂരിൽ നിന്ന് 2 മണിക്കൂറോളം വൈകി പുറപ്പെട്ടുവെങ്കിലും ക്രോസിങ് സ്റ്റേഷൻ ഇല്ലാത്തതിനാൽ വാണിയമ്പലം സ്റ്റേഷനിൽ പിന്നെയും ഏറെ സമയം നിർത്തിയിട്ടേണ്ടി വന്നു. റൂട്ടിലെ 4 ട്രെയിനുകളുടെ സർവീസ് ഇന്നലെ അവതാളത്തിലായി.
പാതയിൽ കൂടുതൽ ക്രോസിങ് സ്റ്റേഷനുകൾ വേണമെന്ന ആവശ്യം ഏറെ കാലമായി ഉള്ളതാണ്. നിലവിൽ എവിടെയെങ്കിലും ട്രെയിൻ നിർത്തിയിടേണ്ടി വന്നാൽ ക്രോസിങ് സ്റ്റേഷൻ ഇല്ലാത്തതു മൂലം കടന്നു പോകാൻ സാധിക്കാത്തത് പ്രതിസന്ധിയാണ്. ഈ റൂട്ടിൽ ട്രെയിനുകൾക്ക് പഴയ എൻജിൻ ഉപയോഗിക്കുന്നതാണ് മറ്റൊരു പ്രശ്നം. കഴിഞ്ഞ ദിവസവും എൻജിൻ തകരാറുമുലം ട്രെയിൻ വൈകിയിരുന്നു. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ തടസ്സങ്ങൾ ഇല്ലാതാകുമെന്നാണ് അധികൃതർ പറയുന്നത്. പാതയിൽ കോട്ടയം ട്രെയിനിന് എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുകൾ ഇല്ലാത്തതും പ്രതിസന്ധിയാണ്. അധികൃതർ ഈ പ്രശ്നത്തിൽ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് സതേൺ റെയിൽവേയിലെ ഏറ്റവും വലിയ സേവന കുട്ടായ്മയായ ട്രെയിൻ ടൈം ആവശ്യപ്പെട്ടു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
