
Perinthalmanna Radio
Date: 23-01-2023
എറണാകുളം കാക്കനാട് സ്വകാര്യ സ്കൂളിലെ 19 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളെ തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും രോഗബാധയുടെ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്. ഇതേത്തുടർന്ന് സ്കൂളിലെ 1 മുതല്‍ 5 വരെ ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രോഗബാധിതരായവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതാണ് നോറാ വൈറസ്. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
എന്താണ് നോറോ വൈറസ്?
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റു അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.
ക്രൂസ് ഷിപ്പുകള്‍, ഡോര്‍മിറ്ററികള്‍, നഴ്സിങ് ഹോമുകള്‍ പോലെ അടഞ്ഞ ഇടങ്ങളിലാണ് ഈ വൈറസ് പടരാന്‍ സാധ്യത കൂടുതല്‍. വൈറസ് ഉള്ളില്‍ ചെന്ന് രണ്ട് ദിവസത്തിനുള്ളില്‍ ഛർദി, അതിസാരം പോലുള്ള ലക്ഷണങ്ങള്‍ ആരംഭിക്കും. മനംമറിച്ചില്‍, വയറുവേദന, തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങളും നോറോ വൈറസ് ബാധയോട് അനുബന്ധിച്ച് വരാം. അതിസാരവും ഛര്‍ദിയും ശരീരത്തില്‍ നിര്‍ജലീകരണത്തിനും കാരണമാകാം.
മലിനമായ വെള്ളം, ഭക്ഷണം, പ്രതലങ്ങള്‍ എന്നിവ വഴിയാണ് അതിവ്യാപന ശേഷിയുള്ള ഈ വൈറസ് പടരുന്നത്. രോഗികളുടെ മലത്തില്‍ നിന്ന് വെള്ളത്തിലേക്ക് എത്തുന്ന വൈറസ് ഭക്ഷണ പാനീയങ്ങളിലൂടെ ശരീരത്തിനുള്ളില്‍ കടക്കുന്നു. വിവിധ ശ്രേണികളുള്ള വൈറസ് ഒരാളെ പല തവണ ബാധിക്കാം. 60 ഡിഗ്രി വരെ ചൂടിനെയും പല അണുനാശിനികളെയും പ്രതിരോധിച്ച് നില്‍ക്കാനുള്ള ശേഷിയും ഈ വൈറസിനുണ്ട്. ഇതിനാല്‍ ഭക്ഷണം വെറുതേ ചൂടാക്കിയതു കൊണ്ടോ വെള്ളത്തില്‍ ക്ലോറിന്‍ ചേര്‍ത്ത കൊണ്ടോ വൈറസ് നശിക്കില്ല. സാധാരണ ഹാന്‍ഡ് സാനിറ്റൈസറുകളെയും ഇവ അതിജീവിക്കും.
സാധാരണ ഗതിയില്‍ രണ്ടോ മൂന്നോ ദിവസമൊക്കെ നീണ്ടു നില്‍ക്കുന്ന രോഗം ആവശ്യത്തിന് വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്താല്‍ മാറാറുണ്ട്. വൈറസ് വരാതിരിക്കാന്‍ ശുചിമുറി ഉപയോഗിച്ച ശേഷവും കുട്ടികളുടെ ഡയപ്പര്‍ മാറ്റിയ ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകേണ്ടതാണ്. കഴിക്കുന്നതിന് മുന്‍പും കൈകള്‍ നിര്‍ബന്ധമായും കഴുകേണ്ടതാണ്. രോഗവ്യാപനം ഉണ്ടാകുന്ന വേളയില്‍ ഹൈപോക്ലോറൈറ്റ് സൊല്യൂഷന്‍ ഉപയോഗിച്ച് പ്രതലങ്ങള്‍ അണുവിമുക്തമാക്കണം. ആര്‍ടി പിസിആര്‍ പരിശോധനയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. ഈ വൈറസിന് വാക്സീനുകള്‍ കണ്ടെത്തിയിട്ടില്ല. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയെന്നത് വൈറസ് പ്രതിരോധത്തില്‍ മുഖ്യമാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
