
Perinthalmanna Radio
Date: 10-02-2023
പെരിന്തൽമണ്ണ: സ്വകാര്യ പാരാ മെഡിക്കൽ കോളേജ് വിദ്യാർഥിനിക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അയച്ച കൂടുതൽ പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം വെള്ളിയാഴ്‌ച ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. കഴിഞ്ഞ ശനിയാഴ്‌ച അയച്ച പത്തു പേരുടെ സാമ്പിളുകളുടെ ഫലം ബുധനാഴ്‌ച ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് അയച്ച് പരിശോധിക്കുന്നത്. അതേ സമയം മറ്റു രോഗ ബാധയുണ്ടോ എന്നറിയാൻ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് അയച്ച 12 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണ്. ടൈഫോയ്ഡ്, ഷിഗെല്ല, മഞ്ഞപ്പിത്തം തുടങ്ങിയവ ഉണ്ടോയെന്ന് അറിയാനായിരുന്നു ഈ സാമ്പിളുകൾ അയച്ചത്. എട്ട് രക്ത സാമ്പിളുകളുടെ ഫലം വരാനുണ്ട്. കോളേജ് ഹോസ്റ്റലിലെ വിദ്യാർഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഹോസ്റ്റലിലെ അമ്പതിലേറെ വിദ്യാർഥികൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്തെ പരിശോധനാഫലം വന്നശേഷമേ ഇവരെ വീടുകളിലേക്ക് അയക്കുന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കൂ.
ഛർദിയും വയറിളക്കവും ക്ഷീണവുമായി വിദ്യാർഥികൾ ആശുപത്രികളിൽ ചികിത്സ തേടിയതോടെയാണ് രണ്ടാഴ്‌ച മുൻപ് സംഭവം ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ആരോഗ്യ വകുപ്പ് മെഡിക്കൽക്യാമ്പ് നടത്തി അയച്ച രക്ത സാമ്പിളിലാണ് വൈറസ് ബാധയുണ്ടെന്നു കണ്ടെത്തിയത്.
ഭക്ഷ്യവിഷബാധയാണോയെന്ന സംശയത്തിൽ കോളേജ് ഹോസ്റ്റലിന്റെ ഭക്ഷണശാല അടച്ചിട്ടിരുന്നു. രോഗലക്ഷണങ്ങൾ കാണിച്ചവരടക്കമുള്ള വിദ്യാർഥികളുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
