Perinthalmanna Radio
Date: 14-05-2023
അങ്ങാടിപ്പുറം : ഓരാടംപാലത്തിൽ ലോറികൾ അപകടത്തിൽ പെടുന്നതും തോട്ടിലേക്കു മറിയുന്നതും പതിവാണ്. ഏറെയും വലിയ ചരക്കുവണ്ടികളും കണ്ടെയ്നർ ലോറികളുമാണ് പാലത്തിന്റെ കൈവരികളിൽ തട്ടി തോട്ടിലേക്കു മറിയാറുള്ളത്. പാലത്തിന് ഇരുവശങ്ങളിലും റോഡിന് ആവശ്യത്തിനു വീതിയുണ്ട്. റോഡുകളുടെ വീതിക്കനുസരിച്ച് പാലത്തിനു വീതിയില്ല. കോഴിക്കോട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടാറുള്ളത്. കുത്തനെ ഒരിറക്കത്തിനുശേഷം ചെറിയൊരു വളവ് പ്രവേശിക്കുന്നത് ഇടുങ്ങിയ പാലത്തിലേക്ക്. റോഡിന്റെ വീതി പാലത്തിനുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. പാലത്തിനടുത്തെത്തുമ്പോൾ പെട്ടെന്ന് വേഗം കുറയ്ക്കാനാകാത്തതിനാൽ വണ്ടി കൈവരികളിൽ തട്ടി താഴെ പതിക്കുന്നു.
രണ്ടുവർഷം മുൻപ് റോഡിനരികിൽ ഇരുമ്പുകമ്പി വളച്ചുകെട്ടിയിരുന്നു. കൈവരിയോടു ചേർന്ന് രണ്ട് ഡിവൈഡർ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. അതിനുശേഷം അപകടം കുറഞ്ഞിരുന്നു. റോഡിൽനിന്ന് പാലം കാണുന്നവിധം പാലം വീതികൂട്ടി പുനർനിർമിക്കുക മാത്രമാണ് ഇതിന് ശാശ്വതമായ പരിഹാരം. കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ നാട്ടുകൽ വരെ റോഡിന്റെ വികസന പ്രവർത്തനങ്ങൾ നടത്തിയപ്പോഴും ഓരാടംപാലം അതിൽ ഉൾപ്പെട്ടില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ