പെരിന്തൽമണ്ണ: 12 വർഷമായി മുടങ്ങി കിടക്കുന്ന അങ്ങാടിപ്പുറം ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് റോഡിനായി കിഫ്ബി സംഘം സ്ഥല പരിശോധനക്ക് എത്തുന്നത് പദ്ധതിക്ക് വീണ്ടും പ്രതീക്ഷയാകുന്നു. ദേശീയ പാതയിൽ അങ്ങാടിപ്പുറം ഓരാടം പാലത്തത്തിന് സമീപത്ത് നിന്ന് തുടങ്ങി പെരിന്തൽമണ്ണ ഊട്ടി റോഡിലെ മാനത്തു മംഗലത്ത് അവസാനിക്കുന്നതാണ് നിർദിഷ്ട ബൈപാസ്. പൊതു- സ്വകാര്യ പങ്കാളിത്തത്തിൽ ബൈപാസ് പൂർത്തിയാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
റോഡിനായി സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കേണ്ടത് 36.12688 ഹെക്ടർ ഭൂമിയാണ്. 4.01 കി.മീ ദൂരം ഭൂമി ഏറ്റെടുത്ത് റോഡ് നിർമിക്കാൻ 250 കോടി രൂപയെങ്കിലും പ്രാഥമികമായി കണക്കാക്കുന്നു. പദ്ധതിക്ക് തയാറാക്കിയ രൂപരേഖ, ഇതുവരെ നടത്തിയ ഒരുക്കങ്ങൾ എന്നിവ നേരിൽ കാണാൻ ഒക്ടോബർ 26ന് അങ്ങാടിപ്പുറത്ത് ഉദ്യോഗസ്ഥ സംഘം എത്തുമെന്നാണ് കിഫ്ബി ചീഫ് എക്സിക്യൂട്ടി വ് ഓഫിസർ കെ.എം. അബ്രഹാം, നജീബ് കാന്തപുരം എം.എൽ.എയെ അറിയിച്ചത്.
അങ്ങാടിപ്പുറം വില്ലേജിൽ ഒരു സർവേ നമ്പറിലും പെരിന്തൽമണ്ണ വില്ലേജിലെ 24 സർവേ നമ്പറിലും വലമ്പൂരിലെ 54 സർവേ നമ്പറിലുമുള്ള ഭൂമിയുടെ വിശദാംശങ്ങളുമായി പൊതു മരാമത്ത് റോഡ്സ് വിഭാഗം ഒരു വർഷം മുമ്പ് ഭൂമിയേറ്റെടുക്കാൻ റിക്വിസിഷൻ തയാറാക്കിയിരുന്നു. ലാൻഡ് അക്വിസിഷൻ ഉത്തരവ് ഇറങ്ങാത്തതിനാൽ നടപടി നിലച്ചു.
ബൈപാസ് കടന്നു പോവേണ്ടത് അങ്ങാടിപ്പുറം വലമ്പൂരിന് സമീപം റെയിൽവേയുടെ ഏഴുകണ്ണി പാലത്തിന് മുകളിലൂടെയാണ്. റെയിൽവേ പാലത്തേക്കാൾ ഉയരത്തിലാണ് ഈ ഭാഗത്ത് റോഡ് വരിക. എത്രയാണ് വേണ്ട ഉയരമെന്നും മറ്റു വിവരങ്ങളും റെയിൽവേയോട് തേടിയിട്ടുണ്ട്. 2010ലാണ് ബൈപാസ് പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി പത്തുകോടി രൂപ ബജറ്റിൽ വകയിരുത്തിയത്. ഇതിന് പുറമെ 16.23 ലക്ഷവും അനുവദിച്ചിട്ടുണ്ട്. ലാൻഡ് റിക്വിസിഷൻ ഫോം ബി.ടി.ആറും 2013ന് ശേഷമുള്ള ഭരണാനുമതിയും ചേർത്താണ് ഭൂമി ഏറ്റെടുക്കാൻ റിപ്പോർട്ട് തയാറാക്കിയത്.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ