
Perinthalmanna Radio
Date: 07-12-2025
മലപ്പുറം: നിരത്തുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നിയമനടപടികളുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് മുറിച്ചുകടക്കാൻ സീബ്രാ ക്രോസിംഗുകളിൽ കാത്തുനിൽക്കുന്നവർക്ക് വഴിമാറാൻ വിസമ്മതിക്കുന്ന ഡ്രൈവർമാർക്കെതിരെയാണ് കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരം ജില്ലാ ആർ.ടി.ഒ. ബി. ഷഫീക്കിന്റെയും നിർദ്ദേശപ്രകാരം മലപ്പുറം ആർ.ടി.ഒ ഓഫീസ്, പൊന്നാനി, കൊണ്ടോട്ടി, പെരിന്തൽമണ്ണ, തിരൂർ, തിരൂരങ്ങാടി, നിലമ്പൂർ സബ് ആർ.ടി.ഒ ഓഫീസിലെയും എൻഫോഴ്സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒരാഴ്ചയായി നടത്തിയ സ്‌പെഷ്യൽ പരിശോധനയിൽ 312 കേസുകൾ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും നേരിട്ട് കോടതികളിലേക്കാണ് കൈമാറുന്നത്. പിന്നീട് കോടതിയാണ് പിഴ ചുമത്തുന്നത്.
സീബ്ര ലൈൻ മാഞ്ഞുപോയ സ്ഥലങ്ങൾ ബന്ധപ്പെട്ട അധികൃതരെ മോട്ടോർ വാഹന വകുപ്പ് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പുനർനിർമ്മിക്കാൻ പി.ഡബ്ല്യുഡി മോട്ടോർ വാഹന വകുപ്പ്, എൻ.എച്ച്.ഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും നിയമലംഘനം ആവർത്തിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഷൻ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ആർ.ടി.ഒ. ബി.ഷഫീക്ക് പറഞ്ഞു.
സീബ്രാ ക്രോസിംഗിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പരിശോധനയ്ക്ക് പുറമേ ജില്ലയിൽ വ്യാപക ബോധവൽക്കരണവുമായി മോട്ടോർ വാഹന വകുപ്പ്. സ്‌കൂൾ, കോളേജുകൾ കേന്ദ്രീകരിച്ചും, ബസ് തൊഴിലാളികൾക്കായി പ്രത്യേക ക്ലാസുകൾക്ക് പുറമെ ബസ്റ്റാന്റുകളിലും ബോധവത്ക്കരണം നൽകി. ഓട്ടോ,ടാക്സി സ്റ്റാൻഡുകൾ, വിനോദ കേന്ദ്രങ്ങൾ ഉൾപ്പെടെ ലഘുലേഖയിലൂടെയും ക്ലാസുകളിലൂടെയും ബോധവൽക്കരണം നൽകുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/IbXFMLBaqir9pII6VKVLor?mode=wwt
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
