
നവീകരണം പുരോഗമിക്കുന്ന കോഴിക്കോട്– പാലക്കാട് ദേശീയ പാത 966ൽ ടോൾ ബൂത്ത് നിർമിക്കുന്നു. പാലക്കാട് മുണ്ടൂർ ഐആർടിസിക്കു സമീപത്താണ് ആറു ഗേറ്റുകളുള്ള ടോൾബൂത്ത് നിർമാണം ആരംഭിക്കുന്നത്. നിർമാണം പൂർത്തീകരിക്കുന്നതോടെ ഈ പാതയിലും ടോൾ പിരിവ് ഉണ്ടാകുമെന്ന ആശങ്കയിലാണ് യാത്രക്കാർ.
താണാവു മുതൽ നാട്ടുകൽ വരെ 43.72 കിലോമീറ്റർ ദൂരം കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ 289 കോടി രൂപ ഫണ്ട് ഉപയോഗിച്ചാണ് നവീകരിക്കുന്നത്. നഷ്ട പരിഹാരം നൽകിയാണ് ഭൂമിയെടുക്കുന്നത്. 100 കോടിയിലേറെ ചെലവു വരുന്ന പദ്ധതികൾക്ക് എല്ലാം ടോൾ പിരിക്കണമെന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ടോൾ ബൂത്ത് നിർമാണം നടക്കുന്നത്. മുണ്ടൂർ ഭാഗത്തെ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായതോടെയാണ് ടോൾ നിർമാണം സജീവമായത്. ദേശീയ പാതയാണെങ്കിലും മറ്റു ദേശീയപാതകളുടെ വീതിയോ സൗകര്യങ്ങളോ ഈ റോഡിലില്ല. രണ്ടു വരിയിലാണു പാത. 45 മീറ്റർ വീതം വളരെ കുറച്ചു ഭാഗം മാത്രമേയുള്ളു. മീഡിയൻ ഇല്ല. പലയിടത്തും വീതിക്കുറവ് വാഹനങ്ങളെ ബുദ്ധിമുട്ടിക്കും. പൊരിയാനിയിൽ ടോൾ ബൂത്ത് വരുന്നത് കോങ്ങാട് വഴിയുള്ള യാത്രക്കാർക്കും ബുദ്ധിമുട്ടാണ്.
ദേശീയ പാത വഴിയല്ലാതെ മുണ്ടൂരിൽ നിന്നു ചെർപ്പുളശ്ശേരി വഴി കോഴിക്കോട്ടേക്കു പോകുന്നവരും പൊരിയാനിയിൽ ടോൾ നൽകേണ്ടി വരുമെന്ന ആശയക്കുഴപ്പം നില നിൽക്കുന്നു. എന്നാൽ, കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ നിബന്ധന പ്രകാരം പ്രോജക്ടിലുള്ളതാണ് ടോൾ ബൂത്തെന്ന് കരാർ കമ്പനിയും പൊതു മരാമത്ത് വകുപ്പ് ദേശീയപാത വിഭാഗവും പറയുന്നു. ടോൾ പിരിവ് വേണമോ എന്നു തീരുമാനിക്കേണ്ടത് കേന്ദ്ര, സംസ്ഥാന സർക്കാരുകളാണ്. ഓരോ കാല ഘട്ടത്തിലെയും മാനദണ്ഡങ്ങൾ അനുസരിച്ചാണ് ടോൾ പിരിവ് നടത്തുന്നതെന്നും ഇവർ പറയുന്നു.
