പാതയോരത്ത് മനോഹര കാഴ്‌ചയൊരുക്കി സൂര്യകാന്തിപ്പൂക്കൾ

Share to

Perinthalmanna Radio
Date: 23-11-2022

പട്ടിക്കാട്: പാതയോരത്ത് പൂത്തുനിൽക്കുന്ന സൂര്യകാന്തിപ്പൂക്കളുടെ മനോഹാരിത. പട്ടിക്കാട്-വടപുറം സംസ്ഥാനപാതയോരത്ത് ഒറവംപുറം ജി.യു.പി. സ്‌കൂളിനു സമീപമാണ് സൂര്യകാന്തിച്ചെടികൾ പൂത്തുലഞ്ഞുനിൽക്കുന്നത്. നെന്മിനി സ്വദേശിയും പ്രകൃതിസ്നേഹിയുമായ കാരപ്പള്ളി ഉണ്ണിയാണ് വിത്ത് നട്ടതും പരിപാലിക്കുന്നതും.

കഴിഞ്ഞ സെപ്റ്റംബറിൽ റോഡിന് വീതികൂട്ടുന്ന പണി നടന്നതോടെ ഒറവംപുറം ജി.യു.പി. സ്‌കൂളിനു സമീപമുള്ള ഈ സ്ഥലം കാർഷികവൃത്തിക്ക് പറ്റിയ ഇടമായി. മേലാറ്റൂരിലെ നഴ്‌സറിയിൽനിന്ന് സൂര്യകാന്തിയുടെ വിത്തുകൾ വാങ്ങി. നിലമൊരുക്കി വിത്തിട്ടു.

നാലുകിലോമീറ്റർ അപ്പുറത്താണ് വീടെങ്കിലും ദിവസവും എത്തി പരിപാലിക്കും. മഴയില്ലാത്തപ്പോൾ നനയ്ക്കാനുള്ള സൗകര്യവുമൊരുക്കി. പ്രദേശവാസിയായ കിഴക്കുംപറമ്പൻ ഹസ്സന്റെ വീട്ടിൽനിന്നാണ് വെള്ളമെടുക്കുന്നത്.

വിത്തിട്ട് രണ്ടുമാസത്തിനിപ്പുറം പൂത്തുനിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ മനോഹര കാഴ്‌ചതന്നെയാണ്. നാനൂറിൽപ്പരം ചെടികളിലാണ് പൂക്കൾ വിടർന്നുനിൽക്കുന്നത്. ഇതുവഴി കടന്നുപോകുന്നവർ ഫോട്ടോ എടുക്കുന്നതിനും മറ്റും ഇവിടെ ഇറങ്ങാറുമുണ്ട്.

രണ്ടാഴ്‌ച കൂടി ഈ വർണവസന്തം ഒറവംപുറത്ത് കാണാം. പാതയോരം സൗന്ദര്യവത്കരിച്ചതിനോടൊപ്പം ഇവിടെ മാലിന്യംതള്ളുന്നത്‌ ഇല്ലാതാക്കാനും ഈ പ്രവർത്തനത്തിലൂടെ ഉണ്ണിക്ക് സാധിച്ചു.

Share to

Leave a Reply

Your email address will not be published. Required fields are marked *