
Perinthalmanna Radio
Date: 02-05-2023
പെരിന്തൽമണ്ണ: ചെറുകരയിലും പട്ടിക്കാടും റെയിൽവേ മേൽപാലത്തിന് വിവിധ പദ്ധതികൾ പരിഗണനക്ക് വന്നെങ്കിലും സംസ്ഥാന പാതയിൽ ഇപ്പോഴും ട്രെയിൻ കടന്നു പോവാൻ ഗേറ്റ് അടച്ചിടേണ്ട അവസ്ഥ. ഇതോടെ ഗതാഗത കുരുക്കും വാഹനങ്ങളുടെ നീണ്ട നിരയും കാരണം ദുരിതത്തിലാണ് നാട്ടുകാർ. ചെറുകരയിൽ മേൽപ്പാലം പണിയാൻ 2018ൽ സാധ്യത പഠനവും ശേഷം നവംബറിൽ മണ്ണു പരിശോധനയും നടത്തിയിരുന്നു. നിലമ്പൂർ- പെരുമ്പിലാവ് പാതയിൽ ചെറുകരയിലെ റെയിൽവേ ക്രോസിങ് വാഹന ഗതാഗതത്തിന് ഏറെ ദുഷ്കരമാണ്. യാത്രാ ട്രെയിനുകൾക്ക് വേണ്ടി ക്രോസിങ്ങുകൾ അടച്ചിടുന്നത് 14 തവണയാണ്. യാത്രാ വണ്ടികൾക്ക് പുറമെ എഫ്.സി.ഐയുടെ ചരക്ക് വണ്ടികൾക്ക് വേണ്ടിയും അടച്ചിടണം. ആശുപത്രി നഗരമായ പെരിന്തൽമണ്ണയിലെക്ക് വരുന്ന ആംബുലൻസുകൾ റെയിൽവേ ക്രോസിങ്ങിൽ കുടുങ്ങുന്നത് പതിവാണ്.
2009ൽ അലീഗഢ് സർവകലാശാല സെന്റർ വന്നതോടെ ചെറുകരയിലെ റെയിൽവേ സ്റ്റേഷനും സാധ്യത വർധിച്ചിരുന്നു. പെരിന്തൽണ്ണ പാണ്ടിക്കാട് റോഡിൽ പട്ടിക്കാട് റെയിൽവേ ഗേറ്റ് അടക്കുന്നതും വലിയ ഗതാഗത കുരുക്കാണ്. വണ്ടൂർ, നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ പ്രധാന മാർഗമാണിത്.
റെയിൽവേയും സംസ്ഥാന സർക്കാറും സംയുക്തമായി കിഫ്ബിയിൽ ഉൾപ്പെടുത്തി മേൽപാലം പണിയാൻ മൂന്നു വർഷം മുമ്പ് നടപടി തുടങ്ങിയെങ്കിലും എവിടെയും എത്തിയില്ല. രാജ്യത്ത് നീളം കുറഞ്ഞ ബ്രോഡ്ഗേജ് പാതകളിൽ ഒന്നാണ് നിലമ്പൂർ ഷൊർണൂർ റെയിൽവേ പാതക്ക് 66 കി.മീറ്റർ നീളമാണ്. 1927ൽ ബ്രിട്ടീഷുകാരാണിത് നിർമിച്ചത്. നിലമ്പൂർ തിരുവനന്തപുരം പ്രതിദിന തീവണ്ടിയായ രാജ്യറാണി എക്സ്പ്രസ് 2011ലാണ് ഓടി തുടങ്ങിയത്. ഇതോടെയാണ് ഈ പാതക്ക് മുമ്പ് എങ്ങുമില്ലാത്ത വിധം പ്രാധാന്യം കൈവന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ