Perinthalmanna Radio
Date: 03-04-2023
മഞ്ചേരി: മരുഭൂമിയിലെ പോരാളികളോ അതോ ഓറഞ്ച് പടയോ? ആരാകും സൂപ്പർ കപ്പിന്റെ ആദ്യദിന സൂപ്പർ സ്റ്റാർ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ സൂപ്പർ കപ്പ് മത്സരങ്ങൾക്ക് ഇന്നു രാത്രി 8.30ന് തുടക്കമാകുമ്പോൾ മനസ്സിൽ വരുന്ന ആദ്യ ചോദ്യവും ഇതു തന്നെ. ഡെസേർട്ട് വോറിയേഴ്സ് എന്നറിയപ്പെടുന്ന രാജസ്ഥാൻ യുണൈറ്റഡും ഓറഞ്ച് ബ്രിഗേഡ് എന്നറിയപ്പെടുന്ന നെറോക്ക എഫ്സിയും തമ്മിലാണ് ഇന്നത്തെ പോരാട്ടം.
വിജയിക്കുന്നവർക്ക് സൂപ്പർ കപ്പിന്റെ യോഗ്യതാ റൗണ്ടിലേക്കു പ്രവേശിക്കാം. തോൽക്കുന്നവർക്ക് വീട്ടിലേക്കു മടങ്ങാം. ഐ ലീഗിൽ ഒൻപതാം സ്ഥാനത്തുള്ള ടീമാണ് രാജസ്ഥാൻ യുണൈറ്റഡ്. നെറോക്ക പത്താം സ്ഥാനത്തും. ഇതിനു മുൻപ് തമ്മിൽ ഏറ്റുമുട്ടിയ നാലു കളികളിൽ മൂന്നെണ്ണത്തിലും രാജസ്ഥാനായിരുന്നു വിജയം.
ഒരെണ്ണം സമനിലയായി. എന്നാൽ പോയിന്റ് പട്ടികയ്ക്കപ്പുറത്തുള്ള ആത്മവിശ്വാസമാണ് നെറോക്കയുടെ കരുത്ത്. ഒരു വിദേശം താരം പോലുമില്ലാതെയാണ് അവർ ഐ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്തത്. സമയം ശരിയെങ്കിൽ ഏതു വമ്പനെയും മലർത്തിയടിക്കാൻ ഈ മണിപ്പുരിക്കരുത്തിനാവും. ഇന്നു പോരാട്ടത്തിനിറങ്ങുന്ന നെറോക്കയിലും രാജസ്ഥാനിലും മലയാളി താരങ്ങളില്ല.രാജസ്ഥാൻ യുണൈറ്റഡിലെ ഏക മലയാളി താരമായ പി.എം.ബ്രിട്ടോ സൂപ്പർ കപ്പ് മത്സരങ്ങൾക്കിറങ്ങുന്നില്ല.
കാൽപന്ത് കളിയുടെ ഹൃദയഭൂമിയിൽ സൂപ്പർ കപ്പ് മത്സരങ്ങൾ തുടങ്ങുമ്പോൾ ആഘോഷമാക്കാനൊരുങ്ങി ആരാധകർ.സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് ലഭിച്ച ജനപിന്തുണയാണ് ഒരു വർഷത്തിനു ശേഷം പയ്യനാടിനു വീണ്ടും കാൽപന്തുകളിയുടെ ആതിഥേയത്വം സമ്മാനിച്ചത്. സന്തോഷ് ട്രോഫിക്കു ശേഷം ഐ ലീഗ് മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയായി.വിദേശ കളിക്കാരും പരിശീലകരും ഇതാദ്യമായി പയ്യനാട് എത്തുകയാണ്.
ലോകകപ്പ് യോഗ്യതാ മത്സരം പയ്യനാട് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നതു സംബന്ധിച്ച ആലോചനകൾ ശുഭപ്രതീക്ഷകൾ നൽകുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട് ആണ് നടക്കുന്നതെന്ന നിരാശ ആരാധകർക്കുണ്ട്. സൂപ്പർ കപ്പ് വിജയത്തിലെത്തിക്കാൻ പഴുതടച്ച ഒരുക്കങ്ങളാണ് തുടക്കം മുതൽ എഐഎഫ്എഫ്, കെഎഫ്എ, ഡിഎഫ്എ ഭാരവാഹികൾ നടത്തുന്നത്. 15,000 പേർക്ക് കളി കാണാൻ സൗകര്യം ഉണ്ടാകും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ